International
വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്.
കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം അറിയിച്ചുവെന്നാണ് ഇറാൻ ഇന്നലെ പറഞ്ഞത്. പാക്കിസ്ഥാനി മധ്യസ്ഥർ വഴി അമേരിക്കയെ ബന്ധപ്പെടുന്നതു തുടരുകയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.
അതേസമയം, നിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്ക തയാറായിട്ടില്ലെന്നാണ് ഇറേനിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Business
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യാപാര പ്രതിന്ധി തുടരുന്പോഴും ഇന്ത്യയുടെ കയറ്റുമതി പുതിയ സാന്പത്തികവർഷത്തിൽ മുന്നേറ്റത്തോടെ ആരംഭിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലേക്കാൾ 13.79 ശതമാനം വർധനയോടെ 43.56 ബില്യണ്‍ ഡോളറിലെത്തി. എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലുണ്ടായ മികവാണ് കയറ്റുമതിക്ക് കരുത്തായത്.
വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് സ്വർണത്തിന്റെ ഇറക്കുമതിയിലുണ്ടായ 81.69 ശതമാനത്തിന്റെ വൻ വർധന (5.62 ബില്യണ്‍ ഡോളർ) മൂലം മൊത്തം ഇറക്കുമതി 10 ശതമാനം ഉയർന്ന് 71.94 ബില്യണ്‍ ഡോളറായി. ഇതോടെ ചരക്ക് വ്യാപാരക്കമ്മി 28.38 ബില്യണ്‍ ഡോളറായി വർധിച്ചു. മുൻ മാസം മാർച്ചിൽ 20.67 ബില്യണ്‍ ഡോളറും 2025 ഏപ്രിലിൽ 27.1 ബില്യണ്‍ ഡോളറുമായിരുന്നു വ്യാപാരക്കമ്മി.
► വിപണി വൈവിധ്യവത്കരണം
പ്രധാന വ്യാപാരപാതയിൽ അശാന്തി നിലനിൽക്കുന്പോഴും ആഗോളവിപണിയിലെ ഉയർന്ന വിലയും ടാൻസാനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉൾപ്പെടെ വിപണി വൈവിധ്യവത്കരണമാണ് കയറ്റുമതി ഉയരാൻ കാരണമായതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
► കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു
ഇറാനിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും വ്യാപാരത്തെ തടസപ്പെടുത്തുന്നത് തുടരുന്നതിനാൽ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 4.16 ബില്യണ്‍ ഡോളറായി. 2025 ഏപ്രിലിൽ 5.78 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നുവെന്ന് അഗർവാൾ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉൾപ്പെടെ പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 31.64 ശതമാനം ഇടിഞ്ഞ് 10.47 ബില്യണ്‍ ഡോളറിലെത്തി.
► യുഎസ് ഇപ്പോഴും മുന്നിൽ
2025 ഏപ്രിലിലെ 8.48 ബില്യണ്‍ ഡോളറിൽനിന്ന് 8.48 ബില്യണായി ഉയർന്നതോടെ ഏപ്രിലിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി യുഎസ് തുടർന്നു. സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 2025 ഏപ്രിലിലെ 1.14 ബില്യണ്‍ ഡോളറിൽനിന്ന് 3.2 ബില്യണ്‍ ഡോളറായി ഉയർന്നു.
എന്നാൽ, യുഎഇയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ ഏപ്രിലിലെ 3.43 ബില്യണ്‍ ഡോളറിൽനിന്ന് ഈ ഏപ്രിലിൽ 2.19 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി വിപണിയായി മാറി. കഴിഞ്ഞ ഏപ്രിലിലെ 1.39 ബില്യണ്‍ ഡോളറിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി മൂല്യം 1.77 ബില്യണ്‍ ഡോളറായി വർധിച്ചു.
► റഷ്യയിൽനിന്നും ചൈനയിൽനിന്നും ഇറക്കുമതി ഉയർന്നു
ഇന്ത്യ ഇറക്കുമതിയിൽ കൂടുതൽ ആശ്രയിക്കുന്ന ചൈനയിൽനിന്നുള്ള ഇറക്കുമതി 11.97 ബില്യണ്‍ ഡോളറായി ഉയർന്നു. മുൻ വർഷം ഇതേ മാസം 9.91 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയായിരുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2025 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 7.36 ബില്യണ്‍ ഡോളറിലെത്തി. യുഎസിൽനിന്നുള്ള ഇറക്കുമതി 5.53 ബില്യണ്‍ ഡോളറിൽനിന്ന് 5.25 ബില്യണ്‍ ഡോളറായി കുറഞ്ഞു.
യുഎഇയിൽനിന്നുള്ള ഇറക്കുമതി 2025 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറിൽനിന്ന് 2026 ഏപ്രിലിൽ 4.07 ബില്യണ്‍ ഡോളറായി താഴ്ന്നു. എന്നാൽ, സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 2.95 ബില്യണ്‍ ഡോളറിൽനിന്ന് 3.85 ബില്യണ്‍ ഡോളറായി ഉയർന്നു.
Business
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ സാഹചര്യങ്ങളും ടൂറിസം മേഖലയ്ക്ക് ആഘാതമാകുന്നു.
ഇനിയും പൂർണതോതിൽ സാധാരണനിലയിലാകാത്ത വിമാനസർവീസുകൾ, യാത്രാതടസങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ വരവിലുണ്ടായ ഗണ്യമായ കുറവ് എന്നിവ ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളെ സാരമായി ബാധിച്ചു.
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന യാത്രകൾ റദ്ദാക്കിയത്. കേരളത്തിലേക്കുള്ള യാത്രികരുടെ വരവിലും ഗണ്യമായ കുറവുണ്ടായി.
ജനുവരി- മേയ് മാസങ്ങൾ കേരളത്തിൽ സാധാരണ ക്രൂയിസ് ടൂറിസത്തിന് ഉണർവുണ്ടാകാറുള്ള സമയമാണ്. എന്നാൽ വിനോദസഞ്ചാരികളുമായി കേരളത്തിലേക്കെത്തുന്ന കപ്പലുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു കപ്പലുകളാണ് കൊച്ചിയിലെത്തിയത്.
ഉയർന്ന വിമാന യാത്രാക്കൂലിയും അനുബന്ധ ചെലവുകളിലെ വർധനയും സുരക്ഷാ പ്രശ്നങ്ങളും കേരളത്തിൽനിന്നുള്ള വിദേശയാത്രക്കാരെ പിന്നോട്ടടിച്ചു.
ആഭ്യന്തരയാത്രകളെ ഇപ്പോഴത്തെ സ്ഥിതി കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വിദേശ വിനോദ സഞ്ചാര മേഖലയിൽ കോവിഡിനുശേഷമുള്ള വലിയ മാന്ദ്യമാണു നിലവിലുള്ളതെന്ന് കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ ഉയർന്നത് ടൂറിസം സ്ഥാപനങ്ങളുടെയും പ്രവർത്തനച്ചെലവ് വർധിക്കാനിടയാക്കി. വിദേശ ടൂറിസ്റ്റുകളുടെ ഓഫ് സീസൺ ആയതിനാൽ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് അധികച്ചെലവും ഭാരമാകുന്നത്. വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള സ്ഥിര ബാധ്യതകളുടെയും ഭാരം ടൂറിസം മേഖലയിലെ സ്ഥാപനങ്ങളെ വലയ്ക്കുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടി. തങ്ങൾ മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ നിര്‍ദേശം തള്ളിയത്.
മധ്യസ്ഥര്‍ മുഖേന ഇറാന് സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും ഇതിലെ വ്യവസ്ഥകളോട് തനിക്കു വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കു ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാക്കിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്‍കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണം ലഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യൂറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
യൂറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.
Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നടത്തിയ ഈ അപ്രതീക്ഷിത പ്രസ്താവന ഇന്ത്യൻ സ്വർണവിപണിയെയും ഓഹരിവിപണിയെയും ഒരുപോലെ ഉലച്ചു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് ഇന്ത്യയെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടിവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരേ 95.31 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഇന്ധന വിതരണക്കാർക്ക് ഒരു ലിറ്റർ ഡീസലിന് 100 രൂപയും പെട്രോളിന് 20 രൂപയും എന്ന നിരക്കിൽ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിപണിയിലെ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Leader Page
ഭയപ്പെട്ടതു സംഭവിക്കുന്നു. വിലക്കയറ്റവും വളർച്ചയിലെ മുരടിപ്പും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഒപ്പം, ലോകമെങ്ങും വളർച്ച കുറയുന്നു. ഇതോടെ കയറ്റുമതിയും കുറയും. ഇവയ്ക്കു പുറമേ എൽ നിനോ പ്രതിഭാസം കാലവർഷ മഴ കുറച്ച് കാർഷികോത്പാദനം കുറയ്ക്കും എന്ന ഭീഷണിയുമുണ്ട്. എല്ലാം ചേരുമ്പോൾ സാമ്പത്തിക ദുരിതത്തിലേക്കാണ് രാജ്യത്തിന്റെ യാത്ര.
ഇതോടെ സർക്കാരുകളുടെയും വ്യവസായങ്ങളുടെയും കുടുംബങ്ങളുടെയും ബജറ്റുകളും കണക്കുകൂട്ടലുകളും പാളും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾ വെറുതെയാകും.
ദുരിതയാത്ര തുടങ്ങി
ദുരിതയാത്രയുടെ പ്രാരംഭവാർത്തകൾ ശ്രദ്ധിക്കുക:
കാലാവസ്ഥ ഒഴികെയുള്ള കുഴപ്പങ്ങളുടെ കാരണം അന്വേഷിക്കേണ്ടതില്ല - പശ്ചിമേഷ്യൻ യുദ്ധം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തുന്ന യുദ്ധവും അതിനുള്ള തിരിച്ചടികളും ചേർന്ന് ഒരുക്കിയ ദുരിതപർവം.
ഇനിയും ബോംബിംഗോ?
ഇറാനിൽ ബോംബിംഗ് നിലച്ചിട്ടു മൂന്നാഴ്ച കഴിഞ്ഞു. യുദ്ധം തുടങ്ങിയിട്ട് രണ്ടു മാസവും. യുദ്ധം തീർന്നിട്ടില്ല. ഉടനെങ്ങും അവസാനിക്കും എന്ന സൂചനയുമില്ല.
വെടിനിർത്തലിനെ എല്ലാവരും ആശ്വാസത്തോടെ കണ്ടു. ചർച്ചകൾ വഴി യുദ്ധത്തിന് അവസാനമാകും എന്നു കരുതി. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായി. ഇനിയും ബോംബിംഗ് ആരംഭിക്കാം എന്ന ഭീഷണി ഉയർന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യൻ സമയം രാവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക കമാൻഡർമാരുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ നിർണായക തീരുമാനം പ്രതീക്ഷിക്കാം.
അടഞ്ഞ കപ്പൽച്ചാൽ
ബോംബിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിനുമേൽ ഉള്ള സാമ്പത്തിക മിസൈൽ ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് എന്ന കപ്പൽച്ചാലിൽകൂടി എണ്ണടാങ്കുകളോ മറ്റു ചരക്കുകപ്പലുകളോ കടത്തിവിടുന്നില്ല. കടന്നുപോകണമെങ്കിൽ ഇറാൻ അനുവദിക്കണം. കപ്പലൊന്നിന് 20 ലക്ഷം ഡോളർ (19 കോടി രൂപ) പിഴയും കെട്ടണം.
ഹോർമുസ് വഴിയുള്ള കടത്തു മുടങ്ങിയതോടെ ലോകത്തെ ക്രൂഡ് ഓയിൽ ലഭ്യതയുടെ 20 ശതമാനം മുടങ്ങി. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ 40 ശതമാനമാണു കുറഞ്ഞത്. മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങി കുറേ ഭാഗം പരിഹരിച്ചു. എങ്കിലും ഗണ്യമായ കുറവു ശേഷിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കാര്യവും അങ്ങനെതന്നെ.
പാചകവാതകം, പെട്രോ കെമിക്കലുകൾ, അലുമിനിയം അടക്കം വ്യാവസായികലോഹങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ വിലകളും ഉയർന്നുനിൽക്കുകയാണ്. ഇവയിൽ പലതിന്റെയും വലിയ ഉത്പാദന കേന്ദ്രങ്ങളായി ഗൾഫ് രാജ്യങ്ങൾ മാറിയിരുന്നു. ഹോർമുസ് പാത മുടങ്ങിയതോടെ അവയുടെ വ്യാപാരം നിലച്ചു.
തെറ്റിപ്പോയ കണക്കുകൂട്ടൽ
യുദ്ധത്തിൽനിന്നുള്ള ഭീഷണി ലോകം ആദ്യം കണക്കാക്കിയതിലും വലുതായിട്ടുണ്ട്. ഒരു ഹ്രസ്വയുദ്ധമാണ് മിക്കവരും പ്രതീക്ഷിച്ചത്. ട്രംപ് പറഞ്ഞ നാല് അല്ലെങ്കിൽ അഞ്ച് ആഴ്ച എന്ന സമയപരിധി പലരും വിശ്വസിച്ചു. ഹോർമുസ് അടച്ചു കപ്പൽ ഗതാഗതം മുടക്കുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അതുവഴി രണ്ടു കാര്യങ്ങൾ സാധിക്കാം എന്ന് ഇറാൻ കരുതി. ഒന്ന്: കപ്പൽച്ചാൽ തുറക്കാൻവേണ്ടി അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങും. അപ്പോൾ ആണവപദ്ധതി ഉപക്ഷിക്കാതെ യുദ്ധം അവസാനിപ്പിക്കാം. രണ്ട്: ഹോർമുസിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതുവഴി ഗൾഫ് രാജ്യങ്ങൾക്കുമേൽ അധീശത്വം ശാശ്വതമാക്കാം. രണ്ടും നടന്നില്ല.
അമേരിക്കയിലടക്കം ലോകമെങ്ങും ഇന്ധനവില ദുഃസഹമായ നിലയിലേക്ക് കയറി. ഇന്ധനവില താഴ്ത്താൻവേണ്ടി വിട്ടുവീഴ്ചയ്ക്ക് ട്രംപ് തയാറായില്ല. പകരം, ഇറാനുമേലുള്ള നാവിക ഉപരോധം നീണ്ട കാലത്തേക്കു തുടരും എന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യവിലക്ക് ലംഘിച്ചു കുറേക്കാലമായി ഒളിച്ചും ഒളിക്കാതെയും ഇറാൻ നടത്തിവന്ന എണ്ണ കയറ്റുമതി തടഞ്ഞ് ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കും എന്ന വാശിയിലാണു ട്രംപ്. അതു വ്യാമോഹം എന്ന് ഇറാൻ പരിഹസിക്കുന്നു.
വളർച്ച ഇടിയുമ്പോൾ
ഹ്രസ്വയുദ്ധം കണക്കാക്കിയാണ് ഐഎംഎഫ് 2026ലെ ആഗോള വളർച്ച 3.1 ശതമാനമാകും എന്ന പുതിയ നിഗമനം ഏപ്രിൽ ആദ്യം നടത്തിയത്. നേരത്തേ 3.3 ശതമാനമെന്നായിരുന്നു നിഗമനം. പുതിയ നിഗമനത്തിൽ ക്രൂഡ് ഓയിലിനു ശരാശരി 82 ഡോളർ കണക്കാക്കി. പക്ഷേ അത് ഇതിനകം പഴങ്കഥയായി.
ശരാശരി ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് കയറിയാൽ ആഗോള വളർച്ച 2.5 ശതമാനമായി ഇടിയും എന്നാണ് ഐഎംഎഫ് നിഗമനം. വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം വളർച്ചയേ ഫണ്ട് പ്രതീക്ഷിക്കുന്നുള്ളൂ.
ആഗോള വളർച്ച 2.5 ശതമാനത്തിലോ അതിനു താഴെയോ ആകുക എന്നതിനർഥം ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുക എന്നാണ്. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തെക്കുകിഴക്കൻ ഏഷ്യയും മാന്ദ്യത്തിന്റെ വക്കിലാണ്. അമേരിക്കയിലും ഇന്ധന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്കു ക്ഷതം വരുത്തുമെന്ന ഭീതി വളർന്നിട്ടുണ്ട്.
പണിയും വരുമാനവും കുറയും
ചിലയിടങ്ങളിൽ മാന്ദ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറയും. അതായത് വാണിജ്യം കുറയും. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുംപോലുള്ള വലിയ കയറ്റുമതി രാജ്യങ്ങൾക്ക് അതു വലിയ ക്ഷീണം വരുത്തും. ഇന്ത്യയുടെ ജിഡിപിയിൽ 22 ശതമാനം കയറ്റുമതിയുടെ സംഭാവനയാണ്. കയറ്റുമതി എട്ടോ പത്തോ ശതമാനം കുറയുമ്പോൾ ജിഡിപിയിൽ രണ്ടു ശതമാനം വരെ കുറവ് വരാം.
ജിഡിപി കുറയുന്നത് ശതമാനക്കണക്കിലാണു പറയുന്നത്. പക്ഷേ ആ കുറവ് ജനങ്ങളിലേക്ക് വരുന്നത് വരുമാനവും തൊഴിലും കുറയുന്നതിലൂടെയാണ്. പണിയും വരുമാനവും കുറയുമ്പോൾ ജനജീവിതം ബുദ്ധിമുട്ടാകും. അതു ലഘൂകരിക്കാൻ ഗവൺമെന്റ് ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ പണം ചെലവാക്കേണ്ടിവരും.
പക്ഷേ ജിഡിപി കുറയുമ്പോൾ ഗവണ്മെന്റിന്റെ വരുമാനവും കുറയും. ജിഡിപി തന്നാണ്ടു വിലയിൽ 10 ശതമാനം കൂടുമെന്നും അതിന്റെ 11.5 ശതമാനം നികുതിയായി കിട്ടുമെന്നുമാണ് ബജറ്റിൽ പ്രതീക്ഷിച്ചത്. വളർച്ച പത്തിൽനിന്ന് എട്ടു ശതമാനമായാൽ നികുതി വരുമാനവും ആനുപാതികമായി കുറയും. ബജറ്റ് കണക്ക് ഗണ്യമായി പാളും. അപ്പോൾ കമ്മി കൂടും. കൂടുതൽ കടം എടുക്കേണ്ടിവരും. ധനകാര്യ ലക്ഷ്യങ്ങൾ പാലിക്കാൻ പറ്റാതാകും. സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കേണ്ടിവരും. പ്രധാനമായും മൂലധനച്ചെലവാണു കുറയ്ക്കാൻ സാധിക്കുക. രണ്ടായാലും ഇപ്പോഴത്തെ വളർച്ചയും ഭാവി വളർച്ചയും കുറയും.
കമ്മിക്കണക്കു തെറ്റും
വിലക്കയറ്റം ഒഴിവാക്കി ഏഴു ശതമാനം വളർച്ച ഇക്കൊല്ലം പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയത്. ക്രൂഡ് വില ഉയർന്നുനിന്നാൽ അത് ആറു ശതമാനത്തിന് താഴെയാകും. ക്രൂഡ് വില 100 ഡോളറിനു താഴെ നിന്ന സമയത്തുതന്നെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഗോൾഡ് മാൻ സാക്സ് 5.9 ഉം മൂഡീസ് ആറും ശതമാനമായി താഴ്ത്തിയിരുന്നു. ഇപ്പോൾ 120 ഡോളർ വിലയിൽ ജിഡിപി വളർച്ച വീണ്ടും കുറവാകാനാണു സാധ്യത.
അമേരിക്ക നമ്മുടെ വലിയ ഫ്രണ്ടാണെന്ന് അധികാരികൾ പറയുന്നു. ഇറാൻ സഹസ്രാബ്ദങ്ങളായി മൈത്രിയുള്ള രാജ്യവും. (ആര്യന്മാർ ഇറാനിലോ സമീപമേഖലയിലോനിന്ന് വന്നവരാണെന്ന ശാസ്ത്ര നിഗമനങ്ങളെ ഭരണകൂടം തള്ളിപ്പറയുമ്പോഴും അടുപ്പം നിഷേധിക്കുന്നില്ല). അടുപ്പക്കാരുടെ തമ്മിലടിയിൽ ഏറ്റവുമധികം ആഘാതം ഏൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുന്നത് ഇന്ത്യയാണ്. അതിൽ രണ്ടു മിത്രങ്ങൾക്കും ഒരു വിഷമവും ഇല്ല. നമ്മുടെ മൈത്രിക്ക് അത്രയും വിലയേ അവർ കണക്കാക്കുന്നുള്ളൂ എന്നു വേണമെങ്കിലും കരുതാം.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്‍കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സമാധാനത്തിനുള്ള കരാറിൽ ഒപ്പുവയ്ക്കാനുള്ള ബുദ്ധി ഇറാൻ ഉടൻ കാട്ടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഇറാനെതിരായ നാവിക ഉപരോധം നീട്ടാൻ അമേരിക്ക പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ചർച്ചയ്ക്കായി ഇറാന് എപ്പോൾ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനായി നാവിക ഉപരോധം നീട്ടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്കു ട്രംപ് നിർദേശം നല്‍കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എണ്ണ കയറ്റുമതി തടഞ്ഞ് ഇറാന്റെ സന്പദ്വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണു ട്രംപ് നടത്തുന്നത്. ഇറാനിൽ വ്യോമാക്രമണം പുനരാരംഭിക്കുക അല്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി യുദ്ധത്തിൽനിന്ന് പിന്മാറുക എന്നീ നിർദേശങ്ങൾ അപകടം നിറഞ്ഞതാണെന്നാണു ട്രംപിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ട്രംപ് കടുത്ത അതൃപ്തിയിലാണത്രേ. നാവിക ഉപരോധവും യുദ്ധവും അവസാനിപ്പിച്ചശേഷം ആണവപദ്ധതികളിൽ ചർച്ചയാകാമെന്ന ഇറാന്റെ നിർദേശം ട്രംപിനു സ്വീകാര്യമല്ല.
ഇതിനിടെ, അമേരിക്കൻ നാവിക ഉപരോധത്തെ മറികടക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇറാൻ. കടൽ വഴി പറ്റിയില്ലെങ്കിൽ മറ്റു വാണിജ്യപാതകളിലൂടെ എണ്ണ കടത്താൻ പറ്റുമെന്ന് ഇറേനിയൻ വൃത്തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നാവിക ഉപരോധം നീളുമെന്ന കണക്കുകൂട്ടലിൽ എണ്ണവില ഉയരുന്നത് തുടരുന്നു. ഇന്നലെ മൂന്നു ശതമാനം വില കൂടി. ബ്രെന്റ് ഇനം ക്രൂഡ് കോൺട്രാക്റ്റ് വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിച്ചശേഷം ആണവപദ്ധതികളെക്കുറിച്ച് ചർച്ചയാകാമെന്ന് ഇറാൻ. പാക്കിസ്ഥാൻ വഴി അമേരിക്കയ്ക്കു കൈമാറിയ നിർദേശങ്ങളിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഇറാന്റെ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ദേശീയ സുരക്ഷാ ടീം വിലയിരുത്തിവരുകയാണ്. ഇറാന്റെ നിർദേശങ്ങളിൽ പ്രസിഡന്റ് ട്രംപിനു തീരെ തൃപ്തി ഇല്ലെന്നാണ് റിപ്പോർട്ട്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞയാഴ്ച അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശങ്ങൾ കൈമാറിയത്. അമേരിക്കയുമായി ഘട്ടംഘട്ട ചർച്ചയാകാമെന്ന് ഇറാന്റെ നിലപാട്.
ആദ്യഘട്ടത്തിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരേ ഇനിയൊരാക്രമണം നടത്തില്ലെന്ന ഉറപ്പു ലഭിക്കണം. തുടർന്നുള്ള ഘട്ടത്തിൽ ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കുകയും ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ഇറാനുള്ള അവകാശം അംഗീകരിക്കുകയും വേണം. ഇത്രയും സാധ്യമായാൽ മാത്രം ആണവപദ്ധതി സംബന്ധിച്ച ചർച്ചകളാകാം. ഇറാന്റെ ആണവപദ്ധതികൾ ഏത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിന് ഈ നിർദേശങ്ങളിൽ വലിയ അനിഷ്ടമുള്ളതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ട്രംപിനുമേൽ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം വർധിച്ചതായി സൂചനയുണ്ട്. ചർച്ചകൾക്കായുള്ള നയതന്ത്രനീക്കങ്ങളിൽ ഇറാൻ വഴങ്ങാത്തത് അദ്ദേഹത്തിന്റെ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ നാവിക ഉപരോധം നേരിടാൻ വർഷങ്ങളായി തയാറെടുത്തിരുന്നുവെന്നാണ് ഇറേനിയൻ സർക്കാർ വക്താവ് ഫാത്തിമെ മൊഹജെരാനി ഇന്നലെ പറഞ്ഞത്. വടക്ക്, കിഴക്ക്, പടിഞ്ഞാറ് വാണിജ്യ ഇടനാഴികൾ ഇറാൻ പ്രയോജനപ്പെടുത്തുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ അമേരിക്കയെ നേരിടാൻ ഉപയോഗിച്ച ആയുധങ്ങളും ശേഷികളും പരിചയവും ഷാംഗ്ഹായ് സഹകരണ സമിതിയിലേത് അടക്കമുള്ള സ്വതന്ത്ര രാജ്യങ്ങൾക്കു കൈമാറാൻ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റേസാ തലായി നിക് ഇന്നലെ പറഞ്ഞു.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേ വീണ്ടും ആക്രമണം. ടോഗോ പതാക വഹിക്കുന്ന 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിനു നേരേയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിനു സമീപം ആക്രമണമുണ്ടായത്.
ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പരിധിയിലാണു സംഭവമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിംഗ് രന്ധവ വ്യക്തമാക്കി. മറ്റു കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറേനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.
കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് രന്ധവ അറിയിച്ചു.
യുഎസ് നാവിക ഉപരോധം: ഇറാൻ സമ്മർദത്തിൽ
ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുകയാണ്. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ സേന നിർദേശം നൽകിയതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുഎസ് നാവിക ഉപരോധത്തെത്തുടർന്ന് എണ്ണ കയറ്റുമതി നിലച്ചതിനാൽ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽത്തന്നെ എത്രയും വേഗം ഹോർമുസ് തുറന്ന് പ്രശ്നത്തിനു പരിഹാരം കാണാൻ ഇറാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സമാധാനചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണെന്ന് മോസ്കോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ നേതാക്കൾക്കു സംസാരിക്കണമെങ്കിൽ തങ്ങളുടെ അടുത്തേക്കു വരാമെന്നും അല്ലെങ്കിൽ തങ്ങളെ വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ചരക്കുനീക്കം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ‘ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾ’ (ബിഎംഐ പൂൾ) രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
12,980 കോടി രൂപയുടെ പരമാധികാര ഗാരന്റിയോടെയാണ് ഈ ഇൻഷ്വറൻസ് പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഇതനുസരിച്ച് ഇൻഷ്വറൻസ് എടുക്കുന്ന ചരക്ക് കപ്പലുകൾക്ക് പരമാവധി 12,980 കോടി രൂപയുടെ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
സംഘർഷഭരിതമായ സമുദ്രപാതകളിലൂടെ ചരക്കു കൊണ്ടുപോകുന്ന കപ്പലുകൾക്കു കുറഞ്ഞ നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യവും ആഗോളതലത്തിലെ പ്രതിസന്ധിയും നിമിത്തം ചരക്ക് കപ്പലുകൾക്കുള്ള ഇൻഷ്വറൻസ് പ്രീമിയം കുത്തനെ കൂടുന്നതിനും ഇൻഷ്വറൻസ് ലഭ്യതയിൽ തടസങ്ങൾ നേരിടുന്നതിനും കാരണമാകുന്നുണ്ട്. നിലവിൽ ഇന്ത്യൻ കപ്പലുകൾ ഇൻഷ്വറൻസിനായി വിദേശ ഗ്രൂപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഉപരോധമോ ആഗോള പ്രതിസന്ധിയോ കാരണം വിദേശ ഇൻഷ്വറൻസ് കന്പനികൾ കപ്പലുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽനിന്ന് പിന്മാറിയാലും ഇന്ത്യൻ വ്യാപാരം തടസപ്പെടാതിരിക്കാൻ ഒരു ആഭ്യന്തര സംവിധാനം അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് ബിഎംഐ പൂളിന് കേന്ദ്രസർക്കാർ രൂപം നൽകിയത്.
ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്കും ഇന്ത്യയിലേക്ക് വരുന്നതോ ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കും ഈ ഇൻഷ്വറൻസ് സേവനം ലഭ്യമാകും. കപ്പലിന്റെ എൻജിൻ, ചരക്ക്, യുദ്ധകാല അപകടങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്ര റിസ്കുകളും ഇതിൽ ഉൾപ്പെടും. പൂളിൽ അംഗങ്ങളായ ഇൻഷ്വറൻസ് കന്പനികൾ വഴിയാണ് പോളിസികൾ വിതരണം ചെയ്യുക. ഏകദേശം 950 കോടി രൂപയുടെ സംയുക്ത ഇൻഷ്വറൻസ് ശേഷിയാകും ഈ പൂളിന് ഉണ്ടാകുക.
പദ്ധതിയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി ഒരു പ്രത്യേക ഭരണസമിതി രൂപീകരിക്കും. ഇന്ത്യൻ കപ്പൽ ഗതാഗത മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ ക്ലെയിം മാനേജ്മെന്റും നിയമപരമായ കാര്യങ്ങളും ഇന്ത്യയിൽത്തന്നെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളുടെ ഉപരോധങ്ങളെ പ്രതിരോധിക്കാനും സമുദ്രവ്യാപാരത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
International
ഇസ്ലാമാബാദ്/ദുബായ്: പാക്കിസ്ഥാനിൽ ഈയാഴ്ച വീണ്ടും യുഎസ്-ഇറാൻ സമാധാന ചർച്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ഇരുകൂട്ടരെയും ചർച്ചയ്ക്കെത്തിക്കാൻ പാക്കിസ്ഥാൻ ഊർജിത ശ്രമം ആരംഭിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്ന ഏപ്രിൽ 21നു മുന്‍പ് ചർച്ചയ്ക്കു വഴിയൊരുക്കാനാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദർ, സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ശ്രമിക്കുന്നത്. വ്യാഴാഴ്ചയോ വാരാന്ത്യത്തിലോ ഇരുകൂട്ടരും ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുകൂട്ടരും 21 മണിക്കൂർ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച അലസിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇറേനിയൻ സംഘത്തെ നയിച്ചത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് ആയിരുന്നു.
ആദ്യചർച്ചയിൽ പങ്കെടുത്ത അതേ പ്രതിനിധിസംഘമാണോ ചർച്ചയ്ക്കെത്തുക എന്നതിൽ വ്യക്തതയായില്ല. യുഎസ്-ഇറാൻ ചർച്ചയ്ക്കു ജനീവ വേദിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎസ്-ഇറാന് ചര്‍ച്ച രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോടു പറഞ്ഞു. അതേസമയം, ചർച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഇന്നലെ എണ്ണവില നൂറു ഡോളറിൽ താഴെയായി. അതേസമയം, എണ്ണവിലയിൽ ആശങ്ക തുടരുകയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) അറിയിച്ചു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കേ ഇന്നലെ ഇറേനിയൻ ബന്ധമുള്ള നാലു കപ്പലുകൾ ഹോർമുസ് കടന്നു. ഇവയിൽ രണ്ടെണ്ണം ഇറാന്റെ തുറമുഖത്ത് എത്തിയിരുന്നു. അതേസമയം, ഒരു കപ്പൽ പോലും കടന്നുപോയിട്ടില്ലെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന വിമർശിച്ചു.
സംഘർഷം വർധിപ്പിക്കാൻ ഇതു കാരണമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉപരോധത്തിനു നിയമസാധുതയില്ലെന്ന് യുഎൻ മാരിടൈം ഏജൻസി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഉപരോധത്തിന് ഒരു രാജ്യത്തിനും അവകാശമില്ലെന്ന് യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആഴ്സെനിയോ ദൊമിങ്കെസ് പറഞ്ഞു.
ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ഓരോ അഞ്ചു വർഷം കൂടുന്പോഴും ഇരു രാജ്യങ്ങളും പ്രതിരോധ കരാർ പുതുക്കാറുണ്ട്. നിലവിലെ സാഹചര്യമനുസരിച്ചാണ് തീരുമാനമെന്നു പറഞ്ഞ മെലോണി, കൂടുതൽ വിശദീകരണം നടത്തിയില്ല.
അമേരിക്കയും ജർമനിയും കഴിഞ്ഞാൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ മുന്നിലുള്ളത് ഇറ്റലിയാണ്. മെലോണിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനമുയർത്തി. ഇറേനിയൻയുദ്ധത്തിൽ മെലോണിക്കു ധൈര്യമില്ലെന്നും തങ്ങളെ സഹായിക്കാൻ മെലോണി ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
International
ഇസ്ലാമാബാദ്: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇറാന്-യുഎസ് സമാധാന ചര്‍ച്ചകള്‍ക്കു തുടക്കമായി. ഇസ്ലാമാബാദിലെ ആഡംബരഹോട്ടലായ സെറീനയിൽ നടക്കുന്ന ഉന്നതതല ചര്‍ച്ചകളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സാണു യുഎസ് സംഘത്തെ നയിക്കുന്നത്.
ഇറാൻ സംഘത്തെ നയിക്കുന്നത് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരദ് കുഷ്നർ എന്നിവരും യുഎസ് സംഘത്തിലുണ്ട്.
ചർച്ചകളെക്കുറിച്ച് വാൻസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ ചർച്ചാസംഘം അതിനോട് ഒട്ടും അനുകൂലമായി പ്രതികരിക്കില്ലെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർക്കുപുറമെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തേ നിശ്ചയിച്ചതിലും അഞ്ചു മണിക്കൂർ വൈകി ഇന്നലെ വൈകുന്നേരമാണു ചർച്ച ആരംഭിച്ചത്. 1972ന് ശേഷം ഇതാദ്യമായാണ് ഇറാനും യുഎസും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തുന്നത്. ചര്ച്ചകള്ക്കുമുന്പ് ഇരുസംഘവും പാക് സൈനികമേധാവി അസിം മുനീര്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹോർമുസിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കു വേണം, ലബനനിലെ ഇസ്രേലി ആക്രമണം അവസാനിപ്പിക്കണം, അമേരിക്ക മരവിപ്പിച്ച ഖത്തർ അടക്കമുള്ള വിദേശരാജ്യങ്ങളിലെ തങ്ങളുടെ സ്വത്തുക്കൾ വിട്ടുനൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നതെന്നാണു സൂചന. ഇതിൽ മരവിപ്പിച്ച സ്വത്ത് വിട്ടുനൽകാൻ അമേരിക്ക സന്നദ്ധത അറിയിച്ചെന്നു ഇറാൻ വൃത്തങ്ങൾ അറിയിച്ചെങ്കിലും അമേരിക്ക ഇതു നിഷേധിച്ചു.
ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണു സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാനുമേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി.
വാഷിംഗ്ടൺ ഡിസി: ഇസ്ലാമാബാദിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി റിപ്പോർട്ട്.
ഇസ്രേലി മാധ്യമമായ ആക്സിയോസും യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇറാൻ ഇതു നിഷേധിച്ചു. അതേസമയം ഫുജൈറ തുറമുഖത്തുനിന്ന് ഒരു അമേരിക്കൻ യുദ്ധക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയിരുന്നതായി ഇറാൻ സ്ഥിരീകരിച്ചു.
കപ്പൽ അതിന്റെ നീക്കം തുടരുകയാണെങ്കിൽ 30 മിനിറ്റിനുള്ളിൽ തകർക്കുമെന്നും ഇതു ചർച്ചകളെ ബാധിക്കുമെന്നും പാക് മധ്യസ്ഥനെ ഇറാൻ അറിയിച്ചെന്നും തുടർന്ന് യുദ്ധക്കപ്പൽ പിൻവാങ്ങുകയായിരുന്നുവെന്നും ഇറേനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
International
ഇസ്ലാമാബാദ്: ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചതായി റിപ്പോർട്ട്.
ഖത്തറിലെയും ഇതര രാജ്യങ്ങളിലെയും ബാങ്കുകളിലുള്ള ഇത്തരം ആസ്തികൾ ഇറാനു തിരികെ ലഭിക്കും.ഇസ്ലാമാബാദിലെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്കിടെയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കു തയാറായതെന്നു സൂചനയുണ്ട്. ഹോർമുസിലെ സഞ്ചാരസ്വാതന്ത്ര്യം ഇസ്ലാമാബാദ് ചർച്ചയിലെ പ്രധാന വിഷയമാണ്.
അതേസമയം, ആസ്തികൾ വിട്ടുകൊടുക്കുന്നകാര്യം സ്ഥിരീകരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയാറായിട്ടില്ല.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായിട്ടാണ്, ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ പുറത്തേക്കു കടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
ഇതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയർന്നു. അമേരിക്കയുമായി രണ്ടാഴ്ച വെടി നിർത്താൻ സമ്മതിച്ചെങ്കിലും ഹോർമുസിൽ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നതായി ആരോപണമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഒരു സഹായമായി ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ഞങ്ങൾ ഇപ്പോൾ ആരംഭിക്കുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടിവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങൾ ഹോർമുസ് തുറക്കുന്നതിനായി ഇടപെടാത്തതിനെയും ട്രംപ് പരിഹസിച്ചു. ഈ ജോലി സ്വയം ചെയ്യാൻ അവർക്കു ധൈര്യമോ ഇച്ഛാശക്തിയോ ഇല്ല. ഇതു വിരോധാഭാസമാണ്. എന്നിരുന്നാലും, പല രാജ്യങ്ങളിൽനിന്നുമുള്ള ഒഴിഞ്ഞ കപ്പലുകൾ അമേരിക്കയിലേക്കു വന്ന് എണ്ണ നിറയ്ക്കുന്നുണ്ട്- ട്രംപ് കൂട്ടിച്ചേർത്തു.
പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചശേഷം കപ്പൽപാതയിലെ വിവിധ ഭാഗത്തായി ഇറാൻ മൈനുകൾ സ്ഥാപിച്ചെന്നും എന്നാൽ, എവിടെയൊക്കെയാണു ഇതു സ്ഥാപിച്ചതെന്നു ട്രാക്ക് ചെയ്യാൻ ഇപ്പോഴാകുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുദ്ധത്തില്‍ ഇറാനു വലിയ നാശമുണ്ടായതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. “ യുദ്ധത്തില്‍ ഇറാന് നേട്ടമുണ്ടാക്കിയെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ അവര്‍ വലിയ തിരിച്ചടി നേരിട്ടു. അവരുടെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന ഇല്ലാതായി. അവരുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു.
റഡാറുകള്‍, മിസൈല്‍, ഡ്രോണ്‍ ഫാക്ടറികള്‍ നശിപ്പിക്കപ്പെട്ടു. അവരുടെ പ്രധാന നേതാക്കളെ ഇല്ലാതാക്കാനായെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം, താത്കാലിക വെടിനിർത്തൽ കാലാവധി മുതലെടുത്ത് ഇറാൻ പരമാവധി ആയുധസംഭരണം നടത്തുകയാണെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സാന്പത്തിക പ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയ്ക്ക് സഹായമായി ആഭ്യന്തര വിമാനക്കന്പനികളുടെ നിലവിലെ ലാൻഡിംഗ്, പാർക്കിംഗ് നിരക്കുകളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
അടുത്ത മൂന്ന് മാസത്തേക്ക് ആഭ്യന്തര വിമാനങ്ങൾക്ക് 25 ശതമാനം ഇളവ് അനുവദിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കി. തീരുമാനം ഉടനടി നടപ്പാക്കും.
ഇതുവഴി ഏകദേശം 400 കോടി രൂപയുടെ ആശ്വാസം വിമാനക്കന്പനികൾക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ടിക്കറ്റുകളുടെ നിരക്ക് വർധന കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാരും വിമാനക്കന്പനികളും കരുതുന്നത്. എയർപോർട്ടുകൾ ഈടാക്കുന്ന തുകയിൽ ഇളവ് വരുത്താൻ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള കന്പനികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റിക്ക് കീഴിലുള്ള പ്രധാന വിമാനത്താവളങ്ങളിലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലും ഇളവ് ലഭ്യമാകും.
വ്യോമയാന മേഖലയുടെ സ്ഥിരത ഉറപ്പാക്കാനും പ്രതിസന്ധിഘട്ടത്തിലും സുരക്ഷിതവും ലാഭകരവുമായ വിമാന സർവീസുകൾ സാധ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വിലവർധന 25 ശതമാനമായി കേന്ദ്രം നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച വിമാന ടിക്കറ്റ് നിരക്കിൽ 44 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leader Page
ലോകം ആശ്വാസത്തിലായി. സർവനാശകമാകാമായിരുന്ന ഒരു മഹായുദ്ധത്തിന്റെ വക്കിൽനിന്നു വൈരികൾ പിൻവാങ്ങി. നാൽപതാം ദിവസം അമേരിക്ക- ഇസ്രയേൽ സഖ്യസേനയും ഇറാനും ആക്രമണം നിർത്തിവച്ചു. രണ്ടാഴ്ചത്തേക്കുള്ള ഒരു വെടിനിർത്തൽ ഇന്നലെ രാവിലെ നിലവിൽ വന്നു. ഇത് എത്രമാത്രം ഫലപ്രദവും ഉറപ്പുള്ളതും ആണെന്നു വരും ദിവസങ്ങളിലേ അറിവാകൂ. നാളെ പാക്കിസ്ഥാനിലെ ഇസ്ലാമബാദിൽ ദീർഘകാല സമാധാന ഉടമ്പടിക്കായി അമേരിക്കയും ഇറാനും ചർച്ച തുടങ്ങും. രണ്ടാഴ്ചയ്ക്കകം കരാറിൽ എത്താമെന്നാണു ചർച്ചയ്ക്ക് മധ്യസ്ഥതയും ആതിഥേയത്വവും വഹിക്കുന്ന പാക്കിസ്ഥാൻ പ്രകടിപ്പിക്കുന്ന പ്രത്യാശ.
വിലപേശൽ വിദഗ്ധർ
ഈ ആക്രോശങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും കടുത്ത രണ്ടു വിലപേശൽ സംഘങ്ങൾ ആണു പിന്നണിയിൽ ഒത്തുതീർപ്പിനായി പരിശ്രമിച്ചു പോന്നത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ നേതൃത്വത്തിലായിരുന്നു ഇറാൻ സംഘം. കുറേക്കാലമയി അദ്ദേഹമാണ് ലോകവേദികളിൽ ഇറാന്റെ ശബ്ദവും മുഖവും. കാർപെറ്റ് വ്യാപാരികളുടെ കുടുംബത്തിൽനിന്നു വന്ന നയതന്ത്രജ്ഞൻ. തന്റെ നാലു പതിറ്റാണ്ടു നീണ്ട നയതന്ത്ര പരിചയം വച്ച് അരാഖ്ചി രണ്ടു വർഷം മുൻപ് എഴുതിയ പുസ്തകം (വിലപേശൽ - നയതന്ത്രത്തിന്റെ കരുത്ത്) ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇറാനിലെ തെരുവുകച്ചവടക്കാരുടെ വിലപേശൽ തന്ത്രങ്ങൾ കണ്ടറിഞ്ഞാണ്, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ രാജ്യാന്തര ചർച്ചകൾ നയിക്കാൻ താൻ പഠിച്ചതെന്ന് അരാഖ്ചി അതിൽ വിവരിക്കുന്നുണ്ട്.
രണ്ടു യഹൂദരും ഒരു കത്തോലിക്കനും
അമേരിക്കയ്ക്കുവേണ്ടി പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവർ ചർച്ച നയിച്ചു. രണ്ടുപേരും ബിസിനസ് ഇടപാടുകൾ നടത്തി തഴക്കം ചെന്നവർ; ഒപ്പം യഹൂദരും. അവരുമായി രണ്ടു തവണ ചർച്ച നടത്തി ധാരണയുടെ വക്കിൽ എത്തിയതാണ്. കഴിഞ്ഞ ജൂണിലും ഈ ഫെബ്രുവരിയിലും ചർച്ച തുടരവേ അമേരിക്കയും ഇസ്രയേലും ആക്രമിച്ചു. അവരോട് ഇനി ചർച്ചയില്ലെന്ന നിലപാടിൽ ഇറാൻ നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ഇടയ്ക്കു വന്നത്.
വിറ്റ്കോഫിനോടും കുഷ്നറോടുമുള്ള ഇറാന്റെ എതിർപ്പ് മറികടക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ചർച്ചയ്ക്കായി രംഗത്തിറക്കി. പ്രൊട്ടസ്റ്റന്റായി ജനിച്ചു 2019ൽ 35 -ാം വയസിൽ കത്തോലിക്കാ സഭയിൽ ചേർന്നയാളാണു വാൻസ്. ഇറാനെ ആക്രമിക്കുന്നതിന് വാൻസ് എതിരായിരുന്നു എന്നതും അദ്ദേഹത്തെ സ്വീകാര്യനാക്കി. ഇനി പാക്കിസ്ഥാനിൽ നടക്കുന്ന ചർച്ചയിൽ വാൻസ് പങ്കെടുത്തേക്കും എന്നാണു റിപ്പോർട്ട്.
ഷരീഫ്- മുനീർ നയതന്ത്രം
ഫെബ്രുവരി 28ന് ഇറാനിലേക്ക് ആക്രമണം തുടങ്ങി താമസിയാതെ പാക്കിസ്ഥാൻ നയതന്ത്രനീക്കം ആരംഭിച്ചു. അമേരിക്കൻ നയതന്ത്ര കാര്യാലയത്തിലേക്കു ചെന്ന ഷിയാ മുസ്ലിം പ്രതിഷേധക്കാരെ വെടിവച്ചു കൊന്ന പാക്കിസ്ഥാൻ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം കുറയ്ക്കാൻ കൂടി ഷഹബാസ് ഷരീഫിന്റെ ഭരണകൂടം ആഗ്രഹിച്ചു. ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയാകൾ ഉള്ള രാജ്യമാണു പാക്കിസ്ഥാൻ. ജനസംഖ്യയുടെ 15 ശതമാനം വരും അവർ. വേറെയും ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള 900 കിലോമീറ്റർ അതിർത്തി ഇരു രാജ്യങ്ങളിലെയും ഗോത്രവർഗക്കാരുടെ നിയന്ത്രണത്തിലാണ്. ഇറാൻ അവരെ പിന്താങ്ങിയാൽ പാക്കിസ്ഥാൻ വിഷമത്തിലാകും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്ത് പശ്ചിമേഷ്യയിൽ തങ്ങളുടെ നയതന്ത്ര സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായും ഷരീഫ് ഭരണകൂടം ഇതിനെ കണ്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ മേധാവിയും സ്വയം പ്രഖ്യാപിത ഫീൽഡ് മാർഷലുമായ അസിം മുനീറിനും ഇതൊരവസരമായി. ട്രംപിന്റെയും വിറ്റ്കോഫിന്റെയും ക്രിപ്റ്റോ കറൻസി ഇടപാടുകാരായ മക്കളുമായി മുനീറിന്റെ മിത്രം ബിലാൽ ബിൻ സാദിഖ് എന്ന ചെറുപ്പക്കാരൻ ബന്ധം സ്ഥാപിച്ചു. ബിലാൽ വഴി മുനീർ അവരോടും അപ്പൻ ട്രംപിനോടും അടുത്തു. പാക്കിസ്ഥാനിലെ ധാതുനിക്ഷേപ ഖനനത്തിനു പദ്ധതിയും അവതരിപ്പിച്ചു പ്രീതി പിടിച്ചുപറ്റി. കഴിഞ്ഞ വർഷം രണ്ടു തവണ ട്രംപിന്റെ വസതികളിൽ മുനീറിന് വിരുന്നു കിട്ടി. ആ അടുപ്പം വച്ച് മുനീറും ഷരീഫും മധ്യസ്ഥതയ്ക്ക് ട്രംപിന്റെ പിന്തുണ നേടി.
പിന്നിൽ ചൈനയും
സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയും പാക്കിസ്ഥാൻ ഒപ്പം കൂട്ടി. അതിലുപരി ചൈനയോടും ആലോചിച്ചു. സൈനികമായും സാമ്പത്തികമായും ചൈനയോടു വലിയ കടപ്പാടുണ്ടല്ലോ പാക്കിസ്ഥാന്. ചൈനയുടെ സമ്മർദത്തിലാണ് ഇറാൻ ധാരണയ്ക്കു വഴങ്ങിയതെന്നു ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം ചിരകാല സുഹൃത്താണു പാക്കിസ്ഥാൻ. പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ആദ്യം ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇറാൻ. അമേരിക്കയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനുമായി ദീർഘകാല അടുപ്പമുണ്ട്- ഇടയ്ക്കു ചില അപസ്വരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും.
പട്ടികകൾ പലത്
മാർച്ച് 29ന് ഇസ്ലാമബാദിൽ സൗദി, ഈജിപ്ത്, തുർക്കി എന്നിവയുടെ മന്ത്രിമാർ ഇറാൻ കാര്യം ചർച്ച ചെയ്തു. പിന്നീട് ഉദ്ദേശിച്ച വേഗത്തിൽ കാര്യം നടന്നില്ല. പക്ഷേ ദിവസങ്ങൾക്കകം രണ്ടു ശക്തികളും യുദ്ധവിരാമത്തിനു വഴി തേടി. അമേരിക്കയ്ക്കു ഹോർമുസ് ബലമായി തുറന്നു നിർത്താനാവില്ല എന്നു ബോധ്യമായി. തങ്ങളുടെ സഖ്യ കക്ഷികൾ എന്നു കരുതിയവർ യുദ്ധത്തിന് ഒരു സഹായവും നൽകാൻ തയാറായിട്ടുമില്ല.
അമേരിക്കൻ വ്യോമാക്രമണം നീണ്ടാൽ രാജ്യം ശരിക്കും പിന്നാക്കം പോകുമെന്ന് ഇറാനും ബോധ്യപ്പെട്ടു. എണ്ണ കയറ്റി അയയ്ക്കാൻ പറ്റാതെവന്നാൽ ഇറാനു പിടിച്ചുനിൽക്കാനാവില്ല. ഇറാനെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യക്കും ഉത്തരകൊറിയയ്ക്കും അത് ദീർഘകാലം തുടരാൻ പറ്റില്ല.
ഇതാണ് ത്വരിത നയതന്ത്രത്തിലേക്കു നയിച്ചത്. അമേരിക്കയുടെ ആവശ്യങ്ങൾ അടങ്ങിയ 20 ഇന പട്ടിക ഇറാനും ഇറാന്റെ ആവശ്യങ്ങൾ അടങ്ങിയ 10 ഇന പട്ടിക അമേരിക്കയ്ക്കും കൈമാറി. പിന്നീട് ഇവ 15 ഇന പട്ടികയായി മാറി. രാത്രി പകലാക്കിയാണ് ഇസ്ലാമബാദിൽ ഷരീഫും മുനീറും അമേരിക്കയ്ക്കും ഇറാനുമിടയിൽ ആശയവിനിമയം നടത്തിയത്. അവസാന ധാരണ എന്തെല്ലാമാണെന്ന് ഇനിയുള്ള ചർച്ചകളിലേ വെളിപ്പെടൂ.
ഉപരോധം നീക്കും
ഇപ്പോൾ അറിവായിട്ടുളള കാര്യങ്ങൾ ഇവയാണ്:
ഒന്ന്- ഇറാനുമേലുള്ള ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കും. ഇറാന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കും. ഇവയ്ക്കു ചർച്ച നടക്കുന്നതേ ഉള്ളൂ എന്നു ട്രംപ് പറയുന്നു.
രണ്ട്- ഹോർമുസ് കപ്പൽച്ചാൽ ടോൾ ഈടാക്കുന്ന പാതയാക്കും. ഇറാനും ഒമാനും നിശ്ചിത അനുപാതത്തിൽ ടോൾ പിരിക്കും. ഇതും ചർച്ചയിലാണെന്നു ട്രംപ്.
മൂന്ന്- ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തും എന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്നു മാറ്റി സുരക്ഷിതമാക്കും എന്നും ട്രംപ് പറയുന്നു. ഇറാൻ പറയുന്നതു സമ്പുഷ്ടീകരണം തുടരുമെന്നും.
നാല്- ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമാണ പരിപാടി അവസാനിപ്പിക്കും. ഇസ്രയേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും ഈ ആവശ്യം അംഗീകരിക്കില്ല എന്നാണ് ഇറാന്റെ പരസ്യ നിലപാട്.
അഞ്ച്- ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് അമേരിക്ക 50 ശതമാനം ചുങ്കം ചുമത്തുമെന്നു ട്രംപ് പറയുന്നു. ഇറാന്റെ പ്രതികരണം വന്നിട്ടില്ല.
ആറ്- പശ്ചിമേഷ്യയിൽനിന്ന് യുഎസ് സേനകൾ പിന്മാറണം എന്ന് ഇറാൻ ആവശ്യപ്പെടുന്നു. ഇതു പിന്നീട് ആക്രമണ സന്നാഹങ്ങൾ മാറ്റണം എന്നാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള നിലതുടരും എന്നാണു കരുതപ്പെടുന്നത്.
കരാറുകൾ ശാശ്വതമോ?
ഇറാന്റെ മുൻനിര നേതൃത്വം ഒട്ടുമിക്കവാറും ആക്രമണങ്ങളിൽ ഇല്ലാതാക്കപ്പെട്ടു. പക്ഷേ കൂടുതൽ പാശ്ചാത്യ വിരുദ്ധമായ ഒരു നേതൃത്വമാണ് അവിടെ വന്നിരിക്കുന്നത്. യുദ്ധം തീർക്കാൻ അവർ സമ്മതിക്കുന്ന കാര്യങ്ങൾ എത്രകാലം പാലിക്കും എന്നതു കണ്ടറിയണം.
ഒന്നാം ലോകയുദ്ധത്തിനു ശേഷം ജർമനിയെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ച് കരാറിൽ ഒപ്പു വയ്പിക്കാൻ അന്നു യുദ്ധം ജയിച്ച ശക്തികൾക്കു കഴിഞ്ഞു. വർഷങ്ങൾക്കകം കീഴടങ്ങൽ വ്യവസ്ഥകളിൽ അസ്വസ്ഥരായ ജനം അഡോൾഫ് ഹിറ്റ്ലറെ അധികാരത്തിലേറ്റി. കൂടുതൽ വിനാശകാരിയായ രണ്ടാം ലോകയുദ്ധമായിരുന്നു അനന്തരഫലം. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്മുറക്കാർ എങ്ങനെയാണു യുദ്ധവിരാമ കരാറിനോടു പ്രതികരിക്കുക?
ഇറാനെ, ആ നാഗരികതയെത്തന്നെ, ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്നാണ് രണ്ടു ദിവസം മുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30നു മുമ്പ് ധാരണയ്ക്ക് ഇറാൻ തയാറായില്ലെങ്കിൽ സർവനാശം എന്ന്. ഇറാനിലെ പാലങ്ങളും വൈദ്യുതനിലയങ്ങളും മുച്ചൂടും നശിപ്പിക്കും എന്ന്.
ഇറാനും വിട്ടുകൊടുത്തില്ല. പശ്ചിമേഷ്യയിൽ അമേരിക്കയെ തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളുടെയും വ്യവസായശാലകളും ഇന്ധന സംവിധാനങ്ങളും തകർക്കും. ലോകമെങ്ങും അമേരിക്കൻ, ഇസ്രേലി സ്ഥാപനങ്ങളെ ആക്രമിക്കും, ഹോർമുസ് കപ്പൽച്ചാൽ പോലെ ചെങ്കടലിലേക്കുള്ള ബാബ് എൽ മാൻദെബ് (കണ്ണീരിന്റെ കവാടം എന്നർഥം) കപ്പൽച്ചാൽ അടയ്ക്കും എന്നിങ്ങനെ ഭീഷണി മുഴക്കി.
International
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ അന്ത്യശാസന സമയം അവസാനിക്കാൻ 90 മിനിറ്റ് മാത്രം ശേഷിക്കേയാണ് ഇറാൻ വെടിനിർത്തലിനു സമ്മതിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഇതിനു പിന്നിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർക്കു പുറമേ ചൈനയും ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഊർജിത നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പരിണതപ്രജ്ഞനായ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിപ്ലവഗാർഡുകളെ വെടിനിർത്തിലിനു പ്രേരിപ്പിച്ചിരുന്നു. എന്നാൽ മുജ്തബയുടെ അന്തിമ നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്.
വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ ഇറേനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതു പ്രകാരം ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളെയും മറ്റ് പശ്ചാത്തല സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സേന.
ഇതിനിടെ, അമേരിക്കൻ നയതന്ത്രപ്രതിനിധികൾ പാക്കിസ്ഥാൻ മുഖാന്തരം ഇറേനിയൻ നേതൃത്വത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അമേരിക്ക വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് പാക് നേതൃത്വം ഇറാനെ അറിയിച്ചു. ഈജ്പ്തിലെയും തുർക്കിയിലെയും വിദേശകാര്യമന്ത്രിമാർ ഇറാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചൈനീസ് നേതാക്കളും യുദ്ധം അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ അന്തിമ തീരുമാനം മുജ്തബയുടേതായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സജീവമായി നയതന്ത്രനീക്കങ്ങളെ നിരീക്ഷിച്ചിരുന്നു. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന മുജ്തബ, സഹായികളെ ഉപയോഗിച്ച് കുറിപ്പുകൾ കൈമാറിയാണ് ആശയവിനിമയം നടത്തിയിരുന്നത്. മുജ്തബ പച്ചക്കൊടി കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ വെടിനിർത്തൽ യാഥാർഥ്യമാകില്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
International
ഇസ്ലമാബാദ്: ഇറാനും അമേരിക്കയും വെടിനിർത്തിയതോടെ യുദ്ധം അവസാനിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകൾ നടത്താനുള്ള സമയമാണ് രണ്ടാഴ്ചക്കാലം.
ആദ്യ ചർച്ച നാളെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പരസ്പര വിശ്വാസത്തോടെ ഇറാനും അമേരിക്കയ്ക്കും ചർച്ച തുടരാൻ കഴിയുമോ എന്ന് ഇസ്ലാമാബാദിൽ വ്യക്തമാകും. അമേരിക്കയുമായി ചർച്ച നടത്തുന്നതിനിടെ രണ്ടു പ്രാവശ്യം ആക്രമണം നേരിട്ട കയ്പേറിയ അനുഭവം ഇറാനുണ്ട്.
ഇസ്ലാമാബാദ് ചർച്ചയിൽ ഇറേനിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അവിടുത്തെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സ്ഥിരീരിച്ചുവെന്നാണു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ തീരുമാനപ്രഖ്യാപനത്തിനു ശേഷമാണ് പസെഷ്കിയാനും ഷരീഫും ഫോണിൽ ചർച്ച നടത്തിയത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആയിരിക്കും ഇസ്ലാമാബാദ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നു സൂചനയുണ്ട്. അമേരിക്കയുമായി മുന്‍പു നടന്ന ചർച്ചകളിലും അദ്ദേഹമാണ് ഇറാനു വേണ്ടി പങ്കെടുത്തത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ആരാണ് ഇസ്ലാമാബാദിൽ എത്തുകയെന്നറിയില്ല. വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ചർച്ചയിലെ വിഷയങ്ങളെക്കുറിച്ചും ഇരുവിഭാഗവും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ മുഖാന്തിരം ഇറാനു കൈമാറിയ 15 ഇനി നിർദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചയെന്നാണ് സൂചന.
ഇറാന്റെ മിസൈൽ, ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണിത്. ഇതിനു മറുപടിയായി ഇറാൻ 10 ഇന നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുക, സാന്പത്തിക ഉപരോധങ്ങൾ നീക്കുക, ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ തുടരാൻ അനുവദിക്കുക എന്നിവയാണ് ഇറാന്റെ നിർദേശങ്ങൾ. അമേരിക്കയും ഇസ്രയേലും ഇവ അംഗീകരിക്കാൻ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്. അതേസമയം, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും അതിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
International
ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബായ ഖാർഗ് ദ്വീപിലേക്ക് യുഎസ് സേന വീണ്ടും ആക്രമണം നടത്തി. ഖാർഗിലെ സൈനികകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ദ്വീപിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ ഖാർഗ് ദ്വീപിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. ഖാർഗ് പിടിച്ചെടുക്കാൻ കരസേനയെ രംഗത്തിറക്കുമെന്ന് മുന്‍പ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന് ആക്രമണം തുടര്‍ന്നു. ഇറാന് തൊടുത്ത 18 ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. യുദ്ധം ആരംഭിച്ചശേഷം തങ്ങള്‍ക്കു നേര്‍ക്ക് 519 ബാലിസ്റ്റിക് മിസൈലുകളും 2210 ഡ്രോണുകളും വര്‍ഷിച്ചെന്ന് യുഎഇ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഇറാക്കിലെ ഇര്‍ബിലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിരാറിലെ പെട്രോകെമിക്കല്‍ കോംപ്ലക്സ് ഇസ്രേലി സേന ആക്രമിച്ചു. ഇറാനില്‍ ഇതുവരെ 3500ലേറെ പേര് കൊല്ലപ്പെട്ടു. ഇവരില്‍ 1665 പേര് സാധാരണക്കാരാണ്.
വടക്കുപടിഞ്ഞാറൻ ടെഹ്റാനിലെ അൽബോർസ് പ്രവിശ്യയിൽ ഇന്നലെ 18 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ചശേഷം ഇറാനിലെ 13,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചശേഷം എട്ടാമത്തെ ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 46650 മെട്രിക് ടണ്‍ ഏൽപിജിയുമായി മറ്റൊരു കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നിരുന്നു.
സുരക്ഷാ ആശങ്കകൾക്കിടയിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് ഇന്ത്യൻ നേവി സുരക്ഷാ അകന്പടി ഒരുക്കുന്നുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിൽ 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികർ ഉണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 964 നാവികരെ പ്രശ്നമേഖലകളിൽനിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്.
അതേസമയം, നിയമവിരുദ്ധമായി സൂക്ഷിച്ച 50,000ത്തോളം എൽപിജി സിലിണ്ടറുകൾ കണ്ടെത്തി. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. മാർച്ച് 23 മുതൽ ഏകദേശം 6.6 ലക്ഷം അഞ്ച് കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകൾ വിറ്റതായി കേന്ദ്രം അറിയിച്ചു.
നിലവിൽ എൽപിജി പ്രതിസന്ധി കാര്യമായില്ലെന്നും 95 ശതമാനം ബുക്കിംഗ് ഓണ്‍ലൈൻ മുഖാന്തരമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മേയ് 31 വരെയാണ് സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.
ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ എൽഅൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾമാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാന് അനുവദിച്ച സമയത്തിൽ ഇനി 48 മണിക്കൂർകൂടിയാണ് അവശേഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
“10 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറുണ്ടാക്കുക, അല്ലെങ്കിൽ ഹോർമുസ് തുറക്കുക എന്നാണ് മാർച്ച് 26ന് ഇറാനോട് ആവശ്യപ്പെട്ടത്. സമയം പോകുകയാണ്. ഇറാനുമേൽ നരകമാണ് പെയ്യാൻ പോകുന്നത്.”-ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏഴു ദിവസത്തേക്ക് വൈദ്യുതി പ്ലാന്റുകൾ ആക്രമിക്കരുതെന്ന് ഇറാൻ അഭ്യർഥിച്ചുവെന്നും താനത് 10 ദിവസമാക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
International
മനാമ: പശ്ചിമേഷ്യാ യുദ്ധം ആരംഭിച്ചശേഷം ഇറാൻ തൊടുത്ത 453 ഡ്രോണുകളും 188 മിസൈലുകളും വെടിവച്ചിട്ടതായി ബഹ്റിൻ ഇന്നലെ അറിയിച്ചു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ്. ഇറേനിയൻ ആക്രമണത്തിൽ ഇവിടുത്തെ ഏഴു കെട്ടിടങ്ങളെങ്കിലും നശിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ച തന്നെ 3300 പേർ മരിച്ചെന്നും 30,000 പേർക്കു പരിക്കേറ്റെന്നും ലോകാരോഗ്യ സംഘടനാ കിഴക്കൻ മെഡിറ്ററേനിയൻ വിഭാഗം മേധാവി ഹന്ന ബാൾക്കി അറിയിച്ചു. 43 ലക്ഷം പേർ അഭയാർഥികളായി.
Business
ഹൈദരാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിൽ ലോകത്തിന്റെ മറ്റ് ഭാഗത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ.
പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയുടെ കയറ്റുമതി പോസിറ്റീവ് പാതയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം കഴിഞ്ഞ മാസം ഇന്ത്യയുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ഒരേപോലെ ബാധിച്ചു. കാരണം രാജ്യത്തിന്റെ ഇറക്കുമതിയുടെ പ്രധാന ഭാഗം ഊർജമേഖലയിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ കയറ്റുമതിയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ കൃത്യമായ കണക്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിക്കുന്ന തരത്തിൽ കണക്കുകൾ താഴേക്ക് പോയേക്കാം എന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, വിതരണ ശൃംഖലയെ ബാധിക്കുന്ന ആഘാതം പരമാവധി കുറയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിച്ചാലും, പ്രതിസന്ധിയുടെ ആഘാതം അടുത്ത കുറച്ച് മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുമെന്നും അത് ഏത് വിതരണ ശൃംഖലയെയോ ഏത് അടിസ്ഥാന സൗകര്യങ്ങളെയോ ബാധിച്ചു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാൻ യുദ്ധം തുടർന്നുകൊണ്ടുപോകുന്നത് കാണാൻ അമേരിക്കൻ ജനതയ്ക്ക് ക്ഷമയുണ്ടോയെന്ന് തനിക്കറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൗസിൽ ഈസ്റ്റർ ഉച്ചഭക്ഷണത്തിനിടെ ട്രംപ് നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ എണ്ണനിക്ഷേപം യുഎസിനു വേഗത്തിൽ എടുക്കാൻ കഴിയും. എന്നാൽ, അത്തരമൊരു ശ്രമത്തിന് അമേരിക്കൻ ജനത ക്ഷമ കാണിക്കാത്തതു ദൗർഭാഗ്യകരമാണെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് അനുഭവിക്കുന്ന ആഭ്യന്തര മാനസിക സമ്മർദത്തിന്റെ ഫലമാണ് സ്വകാര്യ സംഭാഷണത്തിലെ അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
നാറ്റോ സംഖ്യത്തിനെതിരേയും സ്വകാര്യസംഭാഷണത്തിൽ ട്രംപ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നാറ്റോ വെറുമൊരു കടലാസ് പുലി മാത്രമാണെന്ന് ട്രംപ് ആവർത്തിച്ചു.
നാറ്റോയിൽനിന്നുള്ള പിന്മാറ്റം ഇനി പുനർചിന്തനത്തിന് അപ്പുറമാണെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് ആവശ്യമുള്ളപ്പോൾ അവർ കൂടെയുണ്ടായിരുന്നില്ല. ഇതൊരു ഏകപക്ഷീയമായ ബന്ധമാണ്- ട്രംപ് ആവർത്തിച്ചു.
Business
കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറായതോടെ കൊച്ചിയിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവില്‍ വന്‍ ഇടിവ്.
2024-25 സാമ്പത്തികവര്‍ഷത്തില്‍ 42 വിനോദസഞ്ചാര കപ്പലുകള്‍ കൊച്ചി തുറമുഖത്ത് എത്തിയെങ്കില്‍ 2025-26 വര്‍ഷത്തില്‍ ഇത് 29 ആയി കുറഞ്ഞു. 31 ശതമാനത്തിലേറെ ഇടിവുണ്ടായെന്നാണു കണക്ക്.
വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞതോടെ കൊച്ചി, ആലപ്പുഴ, മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ വിനോദസഞ്ചാരത്ത ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മൂന്നു ദിവസം മുന്‍പ് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കൊച്ചിയില്‍ എത്തിയ 29 ക്രൂയിസ് കപ്പലുകളില്‍ 13 എണ്ണം വിദേശ കപ്പലുകളും 16 എണ്ണം ദേശീയ സര്‍വീസുകളുമായിരുന്നു. ഫെബ്രുവരി നാലിന് 2,114 യാത്രക്കാരുമായി എത്തിയ മാള്‍ട്ടയുടെ എംവി സെലിബ്രിട്ടി മില്ലേനിയമാണു കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ ആഡംബര കപ്പല്‍.
കഴിഞ്ഞവർഷം വളർച്ച
കോവിഡ് ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഉണര്വുണ്ടായശേഷം ക്രൂയിസ് ടൂറിസത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2024-25. കൊച്ചിയിലും അതിന്റെ പ്രതിഫലനമുണ്ടായി. അതിനാലാണ് ഒരു വര്‍ഷത്തിനിടെ 42 കപ്പലുകള്‍ കൊച്ചിയിലെത്തിയത്.
എന്നാല്‍, യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കുള്ള കപ്പല്‍യാത്രയ്ക്കു പ്രധാനമായി ആശ്രയിക്കുന്ന സൂയസ് കനാല്‍-ചെങ്കടല്‍ പാതയിലെ സംഘര്‍ഷം കനത്തതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രമുഖ ക്രൂയിസ് കമ്പനികള്‍ ഈ വഴിയുള്ള യാത്ര ഉപേക്ഷിച്ച് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നു. ആയിരക്കണക്കിനു മൈല്‍ അധിക ദൂരം സഞ്ചരിക്കേണ്ടിവരുന്നത് സര്‍വീസ് ലാഭകരമല്ലാതാക്കി. ഇതോടെ പല കമ്പനികളും ദുബായ്-സിംഗപ്പുര്‍ ക്രൂയിസ് യാത്രകള്‍ റദ്ദാക്കുകയോ ചുരുക്കുകയോ ചെയ്തു. ചിലതു സമയക്രമം പാലിക്കാന്‍ കൊച്ചിപോലുള്ള ദക്ഷിണേഷ്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
തൊഴിലവസരം കുറഞ്ഞു
കൊച്ചിയിലേക്കു വിനോദസഞ്ചാര കപ്പലുകള്‍ വരുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി 500 പേര്‍ക്കുവരെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചെറുകിട വ്യാപാരികളെയും വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് ബാധിച്ചിട്ടുണ്ട്.
സുരക്ഷാസാഹചര്യം മെച്ചപ്പെട്ടാല്‍ അടുത്ത സീസണുകളില്‍ വിനോദസഞ്ചാര കപ്പലുകള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണു കൊച്ചിന് പോര്‍ട്ട് അധികൃതര്‍. പുതിയ ക്രൂയിസ് റൂട്ടുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദ ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘നാറ്റോയെക്കുറിച്ച് പണ്ടേ എനിക്കു മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസിലാക്കിയിട്ടുണ്ട്. സഖ്യത്തില്‍ തുടരുന്ന കാര്യം ഗൗരവകരമായി പരിശോധിക്കും’-ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേയും ട്രംപ് നാറ്റോ സഖ്യത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ മുന്‍ പ്രതികരണം. പേടിത്തൊണ്ടന്മാര് എന്നായിരുന്നു ട്രംപ് നാറ്റോ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
ഇറാന് യുദ്ധത്തില്‍ പങ്കുചേരാനും അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇടപെടുന്നതിനും നാറ്റോ സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ തയാറായിരുന്നില്ല.
Business
മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ഇറാനെ ഇല്ലാതാക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങൾ അവിടെ അധികനാൾ ഉണ്ടാകില്ല. അവരുടെ പ്രതിരോധശേഷി ഏറെക്കുറെ ഇല്ലാതായി.
അവർക്ക് ഇനി വലിയ ആക്രമണശേഷിയില്ല. യുഎസ് പിന്മാറിയാൽ ഹോർമുസ് കടലിടുക്കിലെ സ്ഥിതി സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, ഇറാനിലെ സൈനിക നടപടിയുടെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ യുദ്ധത്തിന്റെ ചെലവ് നൽകണമോയെന്ന ചോദ്യത്തിന് പ്രസിഡന്റിനോട് കൂടുതൽ ചോദിക്കാൻ ലിവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ടു യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരേ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസമായി തുടരുന്ന സൈനികനീക്കത്തിലൂടെ ഇറാന്റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ നാവികസേനയ്ക്കുമേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്നും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. അടുത്തത് ക്യൂബയാണെന്നും ട്രംപ് പരോക്ഷ സൂചന നൽകി.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനികനീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.
ഇറാന്റെ റവലൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം ഒരു മാസം പിന്നിടവേ അമേരിക്ക പശ്ചിമേഷ്യയിലേക്ക് വീണ്ടും വിമാനവാഹിനി അയയ്ക്കുന്നു.
80നു മുകളിൽ യുദ്ധവിമാനങ്ങൾ വഹിക്കുന്ന യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന കപ്പൽ ഉടൻ യാത്രതിരിക്കുമെന്നാണ് സൂചന.
മിസൈൽ നശീകരണ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഡോണൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്കു തിരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ്എസ് റോസ് എന്ന മറ്റൊരു യുദ്ധക്കപ്പൽ അമേരിക്കയിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും ഇതെങ്ങോട്ടാണു പോകുന്നത് എന്നതിൽ വ്യക്തതയില്ല.
യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ രണ്ട് വിമാനവാഹിനികൾ നിലവിൽ ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്.
International
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.
38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ രാജ്യത്തുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ യോഗം വിലയിരുത്തി. ആറു വർഷം മുന്‍പുണ്ടായ കോവിഡ് പ്രതിസന്ധിയെ നേരിട്ട സാഹചര്യം ഓർമിപ്പിച്ച പ്രധാനമന്ത്രി, അന്ന് ഒരുമിച്ചു പ്രവർത്തിച്ചതുപോലെ ഇപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാനായി എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. കോവിഡ് മഹാമാരിക്കാലത്തുണ്ടായ ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണമെന്നും മോദി യോഗത്തിൽ പറഞ്ഞു.
സാന്പത്തിക, വ്യാപാര സുസ്ഥിരതയ്ക്കൊപ്പം ഊർജസുരക്ഷയും വ്യവസായങ്ങളും വിതരണശൃംഖലകളും ശക്തിപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നിനുശേഷമുള്ള സ്ഥിതിഗതികൾ എല്ലാദിവസവും മന്ത്രിതല സമിതി വിലയിരുത്തുന്നുണ്ട്.
വിതരണശൃംഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പൂഴ്ത്തിവയ്പിനും ലാഭക്കൊതിക്കുമെതിരേ സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കണം. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമാക്കണം. തടസങ്ങൾ തടയുന്നതിന് ഭരണപരമായ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കർഷകർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകിച്ച് ഖാരിഫ് സീസണിനുമുമ്പായി വളം ലഭ്യത ഉറപ്പുവരുത്തണം. വ്യാജ പ്രചാരണങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, പരിഭ്രാന്തി തടയുന്നതിന് കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കുമെതിരേ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതങ്ങളും കൈക്കൊള്ളുന്ന തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുടനീളമുണ്ടാക്കിയ പരിണിതഫലങ്ങളും ഊർജവിതരണത്തിലുണ്ടാക്കിയ തടസങ്ങളും യോഗത്തിൽ വിലയിരുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല. ഇവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക യോഗം നടത്താനാണു തീരുമാനം.
Business
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൂപ്പുകുത്തി രൂപ. ഡോളറിനെതിരേ ചരിത്രത്തിലാദ്യമായി 94.84 എന്ന നിലയിലെത്തി. ഇന്നലെ 86 പൈസയാണ് ഇടിഞ്ഞത്.
വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരേ 93.98 എന്ന നിലയിലായിരുന്നു രൂപ.
ക്രൂഡ് ഓയില്‍ വിലവര്‍ധനയ്ക്കൊപ്പം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രൂപ വിറ്റഴിക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡോളര്‍ വാങ്ങിക്കൂട്ടിയതും തിരിച്ചടിയായി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വില ബാരലിന് ഏകദേശം 110 ഡോളറായി ഉയര്‍ന്നു. എണ്ണവില ഉയര്‍ന്നാല്‍ രൂപയുടെ വിലയിടിവ് ഇനിയും തുടരും. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് കൂടുതല്‍ ഡോളര്‍ ആവശ്യമായി വരുന്നതിനലാണ് വില ഇടിയുന്നത്.
ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ്. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 1690 പോയിന്റ് ഇടിഞ്ഞ് 73,583ല്‍ എത്തി. നിഫ്റ്റി 486 പോയിന്റും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം തുടര്‍ച്ചയായി നേട്ടത്തിലായ ശേഷമാണ് കൂപ്പുകുത്തിയത്.
National
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് മുൻഗണനയെന്നു സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം തടസപ്പെട്ട എണ്ണ, എൽപിജി ലഭ്യത ഉറപ്പാക്കാനും രാജ്യത്ത് ഉത്പാദനം കൂട്ടാനും നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇല്ലാതിരുന്ന സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. എസ്. ജയശങ്കർ, നിർമല സീതാരാമൻ, കിരണ്‍ റിജിജു തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം നടക്കുന്പോൾ പ്രശ്നം സഭയിൽ ചർച്ച ചെയ്യാതെ കോണ്‍ഫറൻസ് റൂമിൽ സംസാരിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്‍ഗ്രസ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു.
സോണിയ ഗാന്ധി ആശുപത്രിയിലായതിനാൽ രാഹുൽ ഗാന്ധിയും, കേരളത്തിലായതിനാൽ മല്ലികാർജുൻ ഖാർഗെയും എത്തിയില്ല.
കേരളത്തിൽനിന്നുള്ള പാർട്ടി നേതാക്കളെല്ലാം തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാൽ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണു മലയാളി എംപിമാരിൽ ഇന്നലെ സർവകക്ഷി യോഗത്തിനെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, താരിഖ് അൻവർ, ജെഡിയുവിലെ രാജീവ് രഞ്ജൻ സിംഗ്, എസ്പിയുടെ ധർമേന്ദ്ര യാദവ്, ബിജെഡിയിലെ സസ്മിത് പത്ര തുടങ്ങിയവരും പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിനെത്തി.
ഹോർമുസ് കടലിടുക്കു വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. രണ്ടു കപ്പലുകളെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമാണെന്നും അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്ന് നേരത്തേ ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.
നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വിതരണശൃംഖലകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ അടുത്ത മാസത്തെ ഡെലിവറിക്കായി 60 മില്യണ്‍ (ആറു കോടി) ബാരൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതായി റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനാണ് ഈ നടപടി.
വിപണിയിൽ എണ്ണയുടെ കുറവും വർധിച്ച ആവശ്യകതയും കാരണം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ ബാരലിന് അഞ്ചു മുതൽ 15 ഡോളർ വരെ അധിക പ്രീമിയം നല്‍കിയാണ് ഇന്ത്യ വാങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾപ്രകാരം ഈ എണ്ണയുടെ അളവ് ഈ മാസം വാങ്ങിയതിനു സമാനവും എന്നാൽ, ഫെബ്രുവരിയിൽ ഇറക്കുമതി ചെയ്തതിനേക്കാൾ ഇരട്ടിയിലധികവുമാണ്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ എണ്ണക്ഷാമം പരിഹരിക്കുന്നതിന് മാർച്ച് അഞ്ചിനു മുന്‍പ് കപ്പലുകളിൽ നിറച്ച റഷ്യൻ എണ്ണ ഇന്ത്യയിലേക്കു കൊണ്ടുപോകാൻ യുഎസ് ഇളവ് നൽകിയതിതെത്തുടർന്നാണ് ഈ വൻ തോതിലുള്ള വാങ്ങൽ നടന്നത്. ഈ ഇളവ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മാർച്ച് 12ന് മുന്‍പ് കടലിലുള്ള ക്രൂഡ് ഓയിൽ വാങ്ങാൻ അനുവദിക്കുന്ന രീതിയിൽ പുതുക്കുകയും ചെയ്തു.
ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ന്റെ തുടക്കത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം വിലക്കിഴിവിൽ ലഭിച്ചിരുന്ന റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായി.
എന്നാൽ, യുഎസ് സമ്മർദത്തെത്തുടർന്ന് ഇന്ത്യ കഴിഞ്ഞ വർഷം അവസാനം മുതൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറയ്ക്കുകയും പകരം സൗദി അറേബ്യ, ഇറാക്ക് എന്നിവിടങ്ങളിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുകയും ചെയ്തു. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിപ്പോകുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിനു പുറമെ യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വിതരണ സ്രോതസുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ മാസത്തേക്കായി ഇന്ത്യ എട്ട് മില്യണ്‍ ബാരൽ വെനസ്വേലൻ അസംസ്കൃത എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2020 ഒക്ടോബറിനെക്കാൾ ഉയർന്ന അളവാണ്.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം നടക്കും. അഞ്ചിന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും.
വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും. വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം.
ഇറാന്- ഇസ്രയേല്‍- യുഎസ് സംഘര്‍ഷത്തെ തുടർന്നു രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് യോഗത്തില്‍ വിശദീകരിക്കും.
യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
Leader Page
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരിത്രത്തിലെ വീരപുരുഷനാകുമോ? അതോ വലിയ സാമ്രാജ്യങ്ങളെ പരാജയത്തിലേക്കു നയിച്ച മണ്ടൻ ഏകാധിപതികളുടെ നീണ്ട പരമ്പരയിലേക്കു സ്വന്തം പേരു ചേർക്കുമോ? ഈ ദിവസങ്ങൾ അതിന്റെ ഉത്തരം നൽകും.
അന്ത്യശാസനങ്ങളും ഭീഷണികളുമായാണു യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടന്നത്. 48 മണിക്കൂറിനകം ഹോർമുസ് കപ്പൽച്ചാൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ നശിപ്പിക്കുമെന്നു ട്രംപ് അന്ത്യശാസനം നൽകി. തങ്ങളുടെ വൈദ്യുതിനിലയങ്ങളെ തൊട്ടാൽ പശ്ചിമേഷ്യയിലെ എല്ലാ ഇന്ധന സംവിധാനങ്ങളും ജലസ്രോതസുകളും തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി. എന്തും സംഭവിക്കാവുന്ന നില. യുദ്ധം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പക്ഷേ, അതിനു മുമ്പേ തുടങ്ങിയിരുന്നു.
നാലു രാജ്യങ്ങളും രണ്ടു ദൂതന്മാരും
സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ നീക്കങ്ങൾക്കു പിന്നിൽ. യുഎഇയും ഒമാനും ഖത്തറുമൊക്കെ സഹകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആദ്യ നാലു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സൗദി തലസ്ഥാനമായ റിയാദിൽ സമ്മേളിച്ചു. അവരുടെ മുഖ്യ ആലോചന ടെഹറാനിൽ ആരുമായി ആശയവിനിമയം നടത്തും എന്നതായിരുന്നു. പരമോന്നത ഭരണാധികാരി അലി ഖമനയ് കൊല്ലപ്പെട്ടു. പകരം അധികാരിയായി പ്രഖ്യാപിക്കപ്പെട്ട മകൻ മുജ്താബ ഖമനയ് പദവി ഏൽക്കാൻപോലും പറ്റാത്തത്ര അവശതയിലാണ്. ഉന്നതപദവികളിലെ കരുത്തരായ ഒട്ടുമിക്കവരും വധിക്കപ്പെട്ടു. ചൊവ്വാഴ്ച ഇറാനിലെ സുരക്ഷാ സമിതി സെക്രട്ടറിയും പാർലമെന്റിന്റെ മുൻ സ്പീക്കറുമായ അലി ലാറിജാനിയും വധിക്കപ്പെട്ടു. ഖമനയ്ക്കുശേഷം അദ്ദേഹമാണു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പകരം ആര്?
പ്രസിഡന്റ് പെസെഷ്കിയാനോ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോ സൈന്യത്തിനും ആഭ്യന്തര സുരക്ഷ നിയന്ത്രിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറിനും (ഐആർജിസി) സ്വീകാര്യരല്ല.
സ്വീകാര്യനായി ഖാലിബാഫ്
ഈ അന്വേഷണം എത്തിയത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫിലാണ്. ഐആർജിസിയുടെ ഈ മുൻ തലവൻ സൈന്യത്തിനും സ്വീകാര്യൻ. ടെഹറാനിൽ മേയറായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചിട്ടുണ്ട്. അലി ഖമനയ്യുടെയും മകൻ മുജ്താബയുടെയും വിശ്വസ്തൻ. മുജ്താബ പരിക്കേറ്റ് അവശതയിലായതു മുതൽ പകരം ചുമതല വഹിക്കുന്ന ആൾ. കടുത്ത പാശ്ചാത്യവിരുദ്ധൻ; ഒപ്പം, പ്രായോഗികബുദ്ധിയും. അമേരിക്കയുമായി ചർച്ച നടത്താനും ആ ചർച്ചയിലെ ധാരണ ടെഹറാനിലെ പുരോഹിത മേധാവികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കിട്ടാവുന്ന ഏറ്റവും നല്ല ആൾ. റിയാദിൽ സമ്മേളിച്ചവർ ഖാലിബാഫിനെ ബന്ധപ്പെട്ടു.
വെനസ്വേലയിൽ മഡുറോയുടെ വൈസ് പ്രസിഡന്റിനെ പകരം അധികാരിയാക്കിയതുപോലെ ഖമനയ്യുടെ ഒരു വിശ്വസ്തനെ ടെഹറാനിൽ അവരോധിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു എന്നതു പരസ്യമായ രഹസ്യമാണ്. ഭരണമാറ്റം ആൾമാറ്റത്തിൽ ഒതുക്കുന്നതാണു ബുദ്ധി എന്ന് അദ്ദേഹം കരുതുന്നു. വെനസ്വെലയല്ല ഇറാൻ എന്നതും ഡെൽസി റോഡ്രിഗസ് അല്ല ഖാലിബാഫ് എന്നതും ട്രംപ് കാര്യമാക്കുന്നില്ല.
റിയാദിലെ ചർച്ചയെ 11,200 കിലോമീറ്റർ അകലെ അമേരിക്കയിൽ രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നറും ട്രംപിന്റെ വിശ്വസ്തനും പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധിയുമായ സ്റ്റീവ് വിറ്റ്കോഫും. ചർച്ചകൾ അടുത്ത ദിവസങ്ങളിൽ തുടർന്നു.
മുൻവിധികൾ തെറ്റും
അഞ്ചു ദിവസത്തേക്ക് ആക്രമണം നിർത്തിവച്ച അമേരിക്കയും ഇറാനും പാക്കിസ്ഥാനിൽ സമാധാന ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഇസ്ലാമാബാദിൽ നടക്കുമെന്നു കരുതുന്ന ചർച്ചയിൽ കുഷ്നറിനും വിറ്റ്കോഫിനും പുറമേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുമെങ്കിൽ നിർണായക ധാരണകൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.
യുദ്ധം സമാധാനത്തിലേക്കു നീങ്ങുമെന്ന പ്രതീതി ഇതോടെ ഉണ്ടായിട്ടുണ്ട്. അതു സംഭവിച്ചാൽ എല്ലാവരുടെയും മുൻവിധികൾ തെറ്റായി എന്നു പറയേണ്ടിവരും. പശ്ചിമേഷ്യയിലെ എല്ലാ വിദേശ സൈനിക ഇടപെടലുകളും വർഷങ്ങൾ നീണ്ട യുദ്ധങ്ങളിലേക്കാണു പോയിട്ടുള്ളത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനും പഴയ റഷ്യൻ സാമ്രാജ്യവും 20-ാം നൂറ്റാണ്ടിൽ സോവ്യറ്റ് യൂണിയനും അമേരിക്കയും ഒക്കെ പലവട്ടം അത് അനുഭവിച്ചതാണ്. ആ ജാതകം തിരുത്തിക്കുറിക്കാൻ ട്രംപിനു കഴിഞ്ഞു എന്നാണെങ്കിൽ ചില്ലറക്കാര്യമല്ല സംഭവിച്ചത് എന്നു പറയണം.
നാണക്കേടിനു മറുപടി
‘യുദ്ധങ്ങളിൽ ചേരാത്ത അമേരിക്ക’ വാഗ്ദാനം ചെയ്തു വോട്ട് നേടിയ ട്രംപ് വാക്കു പാലിച്ചു എന്നാകും. അതിലുപരി 47 വർഷമായി അമേരിക്കൻ മേധാവിത്വത്തിനു വെല്ലുവിളിയായി നിലനിന്ന ഒരു ഭരണകൂടത്തെ മെരുക്കുകയോ തകർക്കുകയോ ചെയ്തയാൾ എന്ന പേരും അദ്ദേഹത്തിനു സ്വന്തമാകും. ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരുന്നപ്പോൾ (1979 നവംബർ നാലിന്) ടെഹ്റാനിലെ യുഎസ് എംബസി കൈയടക്കിയ ഇസ്ലാമിക് വിദ്യാർഥിസംഘം അതിലുണ്ടായിരുന്ന 52 പേരെ 444 ദിവസമാണ് ബന്ദികളാക്കിയത്. അന്നുമുതൽ അമേരിക്ക കൊണ്ടുനടക്കുന്ന നാണക്കേടിനു പകരം വീട്ടാൻ ട്രംപിനു കഴിഞ്ഞോ എന്നു ദിവസങ്ങൾക്കകം അറിയാം.
അതു നടന്നാൽ, യുഎസ് പ്രസിഡന്റുമാരായ റോണൾഡ് റെയ്ഗനും പിതാവ് ബുഷിനും മകൻ ബുഷിനും ബിൽ ക്ലിന്റണും ബറാക് ഒബാമയ്ക്കും ജോ ബൈഡനും കഴിയാത്തതു സാധിച്ചു എന്ന് അഭിമാനിക്കാനും ട്രംപിനു കഴിയും. യുദ്ധത്തിനു പുറപ്പെട്ടതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളെ മറികടക്കാനും കഴിയും. മാഗാ (Make America Great Again) പ്രസ്ഥാനത്തിൽനിന്ന് ഇതിന്റെ പേരിൽ പിണങ്ങിയ ടക്കർ കാൾസൺ അടക്കമുള്ളവരെ അപ്രസക്തരാക്കാനും സാധിക്കും.
യുദ്ധം നീണ്ടാൽ കുതിച്ചുയരുന്ന എണ്ണവില ആദ്യം വിലക്കയറ്റംകൊണ്ടും പിന്നെ ഉയർന്ന പലിശ വഴിയും ഒടുവിൽ സാമ്പത്തികമാന്ദ്യം വഴിയും ലോകത്തിനു മുഴുവൻ ദുരവസ്ഥ ഒരുക്കുമായിരുന്നു. അങ്ങനെവന്നാൽ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കന്മാർ തോറ്റു തുന്നംപാടും. അത് ഒഴിവാക്കാൻ യുദ്ധം വേഗം തീർക്കേണ്ടത് ട്രംപിന്റെകൂടി ആവശ്യമാണ്.
ക്യാമ്പ് ഡേവിഡ് പോലെ
ഇപ്പോൾ യുഎസിനു തുറന്നുകിട്ടിയിരിക്കുന്നത് വലിയ അവസരമാണ്. ഇറാനുമായി സന്ധി ഉണ്ടാക്കി അവരുടെ സംഹാരശേഷി ഇല്ലാതാക്കുകയും അവരെ പശ്ചിമേഷ്യൻ പൊതുധാരയിലേക്കു തിരികെ പ്രവേശിപ്പിക്കുകയും ചെയ്യാനുള്ള അപൂർവ അവസരം. അത് ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പ് വരുത്തും. 1978ലെ ക്യാമ്പ് ഡേവിഡ് ചർച്ചകൾ ഇസ്രയേലും ഈജിപ്തുമായി സന്ധിയിലേക്കു നയിച്ചതുപോലൊന്ന് ട്രംപിനു പ്രതീക്ഷിക്കാം. ഇപ്പോഴത്തെ നാശനഷ്ടങ്ങൾക്ക് നടുവിൽ, ഭരണത്തലവൻ പോലുമില്ലാത്ത സാഹചര്യത്തിൽ ഇറാൻ അങ്ങനെയൊരു സന്ധിക്കു വഴങ്ങിയേക്കാം.
ട്രംപ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനകളിൽനിന്നു വായിച്ചെടുക്കാവുന്ന ചില കാര്യങ്ങളുണ്ട്. താഴെപ്പറയുന്ന ഉപാധികൾ ട്രംപ് വയ്ക്കുന്നു.
ഒന്ന്: ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം അമേരിക്കയ്ക്കു നൽകണം.
രണ്ട്: ഇറാൻ ആണവ സമ്പുഷ്ടീകരണവും മിസൈൽ വികസനവും നിർത്തിവയ്ക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയും ഇറാനും സംയുക്തമായി നടത്തുന്ന സംവിധാനം ഉണ്ടാക്കണം.
യുദ്ധനാശങ്ങൾക്കു നഷ്ടപരിഹാരം എന്ന ഇറാന്റെ ഉപാധിയെ ട്രംപ് പരാമർശിച്ചില്ല. സൂയസ് കനാലിൽ ഈജിപ്ത് ടോൾ പിരിക്കുന്നതുപോലെ ഹോർമുസിൽ ടോളിനുള്ള ഇറാന്റെ ആഗ്രഹത്തെയും ട്രംപ് അംഗീകരിക്കുന്നില്ല.
ഭൂഖണ്ഡാന്തര മിസൈലും
ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയും ആർജിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 1,800 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഇന്ത്യാ സമുദ്രത്തിലുള്ള ഡിയേഗോ ഗാർസ്യയിലേക്ക് ഇറാൻ കഴിഞ്ഞയാഴ്ച രണ്ടു മിസൈലുകൾ അയച്ചു. ഒന്ന് പരാജയപ്പെട്ടു, ഒന്നിനെ വീഴ്ത്തി. ഇറാനിൽനിന്ന് 4,000 കിലോമീറ്റർ തെക്കുള്ള ഈ ദ്വീപസമൂഹത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സേനാതാവളങ്ങൾ ഉണ്ട്. 4,000 കിലോമീറ്റർ പോകാവുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇറാന് ഉണ്ടെന്നതിന്റെ ആദ്യ തെളിവാണിത്. റോം, പാരീസ്, ബർലിൻ തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങളിലേക്കു മിസൈൽ തൊടുക്കാൻ ഇറാനു കഴിയും എന്ന് ഇതു കാണിക്കുന്നു. ഈ ശേഷി ഇല്ലാതാക്കുന്നില്ലെങ്കിൽ ഇറാൻ എന്നും ഭീഷണിയായി തുടരും എന്ന് ഗൾഫ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും കരുതുന്നു. ആണവ, മിസൈൽ ഭീഷണികൾ ഇല്ലാതാക്കുമ്പോഴേ ഇറാൻ യുദ്ധം വിജയമായി മാറൂ. സഖ്യസേന 24 ദിവസം നടത്തിയ സംഹാരതാണ്ഡവം അത്രയുമൊക്കെ വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്.
ഈ നീക്കങ്ങൾ ട്രംപ് ഉദ്ദേശിച്ചതുപോലെ അവസാനിച്ചാൽ മറ്റൊരു കാര്യം ഉറപ്പാകും. ഇറാനിലും പരിസര രാജ്യങ്ങളിലും റഷ്യൻ, ചൈനീസ് സ്വാധീനം കുറയും. ഇറാൻ ചൈനയുടെ വലിയ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. റഷ്യ ഇറാന്റെ വലിയ മിത്രമാണ്. ആണവനിലയങ്ങൾ, മിസൈൽ നിർമാണം, ഡ്രോൺ നിർമാണം തുടങ്ങിയവയിൽ സഹകരിക്കുന്നുമുണ്ട്. ട്രംപ് പറയുന്ന തരം സന്ധി ഉണ്ടായാൽ രണ്ടു രാജ്യങ്ങളുടെയും ടെഹറാനിലെ കസേരകൾ കാലിയാക്കേണ്ടി വരും. അതു വരുത്തുന്ന ഭൗമരാഷ്ട്രീയ മാറ്റങ്ങൾ ചില്ലറയല്ല. പാനമ കനാലിൽനിന്നു ചൈനീസ് കമ്പനിയെ പുറത്താക്കിച്ച ട്രംപ് ചരക്കുനീക്കത്തിന്റെമേൽ മറ്റാരെങ്കിലും നിയന്ത്രണം വഹിക്കുന്നത് സഹിക്കില്ല.
International
ടെൽ അവീവ്: ഇറാനുമായി ധാരണയുണ്ടാക്കി പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും ക്രിയാത്മക ചർച്ചകൾ നടത്തിയെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുമെന്ന് പിന്നാലെ റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ട്രംപിന്റെ അവകാശവാദം നുണയാണെന്നു പറഞ്ഞ് ഇറാൻ തള്ളിക്കളയുകയാണുണ്ടായത്. ഇതിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകളും തൊടുത്തു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം എന്ന ഡിമാൻഡ് ആയിരിക്കും ഇറാനു മുന്നിൽ അമേരിക്ക വയ്ക്കുകയെന്ന് ഇസ്രേലി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇസ്രേലി-അമേരിക്കൻ സേനകളുണ്ടാക്കിയ നാശനഷ്ടങ്ങൾ ചർച്ചയ്ക്കു വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമെന്ന് ട്രംപ് കരുതുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” - പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. - മോദി പറഞ്ഞു.
രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ്‍ പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വെളിച്ചത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയ്ക്ക് ആവശ്യത്തിനു ധാന്യ സ്റ്റോക്ക് കർഷകർ ഉറപ്പാക്കിയിട്ടുണ്ടെന്നു പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ മതിയായ സ്റ്റോക്കുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തുപോലും കർഷകർ ബുദ്ധിമുട്ടുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയെന്നു മോദി അവകാശപ്പെട്ടു.
കോവിഡ് കാലത്തു ലോകവിപണികളിൽ യൂറിയ വില ക്വിന്റലിന് 3,000 രൂപയായിരുന്നു. ഇന്ത്യയിൽ വില 300 രൂപയിൽ നിലനിർത്തി.യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം മൂലം ഊർജ, വള വ്യാപാര പാതകൾ തടസപ്പെടുന്നു. ഷിപ്പിംഗ് ഇൻഷ്വറൻസ് കർശനമാക്കി. ലോകമെന്പാടും ചെലവുകൾ വർധിക്കുകയും ചെയ്യുന്നു.
നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയാണു വളം അസംസ്കൃത വസ്തുക്കളും അന്തിമ ഉൽപന്നങ്ങളും നീങ്ങുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന പല രാജ്യങ്ങളിലും വിതരണക്ഷാമവും കാർഷിക ചെലവുകളും കുതിച്ചുയരുന്നതായി കാണുന്നു. എങ്കിലും, മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് ഇന്ത്യ മികച്ച തയാറെടുപ്പിലാണ്.തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന യൂറിയയുടെ മുന്നേറ്റം ഇന്ത്യയ്ക്കു സഹായകമാണ്.
കഴിഞ്ഞ ദശകത്തിൽ ആറു യൂറിയ പ്ലാന്റുകൾ ആരംഭിച്ചു. ഇത് 76 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഉത്പാദനത്തിലേക്കു നയിച്ചു. പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ പ്ലാന്റുകൾ ആഭ്യന്തര വിതരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. നെല്ല്, ഗോതന്പ്, കരിന്പ്, ചോളം അടക്കമുള്ളവയുടെ കൃഷിക്ക് നൈട്രജൻ സന്പുഷ്ട വളമായ യൂറിയ ആവശ്യമാണ്.
►3.75 ലക്ഷം പ്രവാസികളെത്തി
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 3.75 ലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഗൾഫ് മേഖലയിലാകെ ഒരു കോടി ഇന്ത്യക്കാരുണ്ട്. ഇറാനിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇറാനിൽ നിന്നെത്തിയവരിൽ എഴുനൂറിലധികം പേർ മെഡിക്കൽ വിദ്യാർഥികളാണ്. സാഹചര്യം കണക്കിലെടുത്ത്, ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
International
ജറൂസലെം: ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രേലി കർഷകൻ കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനിടെ അതിർത്തി സംഘർഷത്തിൽ കൊല്ലപ്പെടുന്ന ആദ്യ ഇസ്രേലി പൗരനാണിത്.
വടക്കൻ ഇസ്രയേലിലെ മിസ്ഗാവ് ആം പട്ടണത്തിലെ അവക്കാഡോ കർഷകനായ മസ്കോവിറ്റ്സാണ് (60) കൊല്ലപ്പെട്ടത്.
അബദ്ധത്തിലുണ്ടായ പീരങ്കി വെടിവയ്പിലാണ് മസ്കോവിറ്റ്സിന് ജീവൻ നഷ്ടപ്പെട്ടത്. അതിർത്തി സംഘർഷത്തിൽ രണ്ട് ഇസ്രേലി സൈനികരും കൊല്ലപ്പെട്ടു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറേനിയൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് അമേരിക്ക. കടൽമാർഗം ഇറേനിയൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം 30 ദിവസത്തേക്കു മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു.
യുദ്ധം മൂലം കുതിച്ചുയർന്ന എണ്ണവില പിടിച്ചുനിർത്താൻ ഉദ്ദേശിച്ചാണിത്. ഉപരോധം ഇളച്ചതുമൂലം 14 കോടി വീപ്പ എണ്ണ അന്താരാഷ്ട്ര മാർക്കറ്റിലെത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
ആഗോള ഊർജ പ്രതിസന്ധി ട്രംപ് ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്ന സൂചനയാണ് അമേരിക്കൻ തീരുമാനത്തിൽനിന്നു ലഭിക്കുന്നത്. ഉപരോധ ഇളവ് പ്രകാരം വേണമെങ്കിൽ അമേരിക്കയിലേക്കും ഇറേനിയൻ എണ്ണ ഇറക്കുമതി ചെയ്യാം. കൂടുതൽ പ്രയോജനം ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും. മൂന്നു-നാലു ദിവസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ എണ്ണ എത്തിച്ചേരുമെന്ന് യുഎസ് ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
2018ൽ അമേരിക്ക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുന്പ് ഇന്ത്യ, ദക്ഷിണകൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്വാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇറേനിയൻ എണ്ണ വാങ്ങിയിരുന്നതാണ്. ഉപരോധങ്ങൾ നിലവിൽ വന്നശേഷം ചൈനീസ് റിഫൈനറികളാണ് ഡിസ്കൗണ്ട് റേറ്റിൽ എണ്ണ വാങ്ങുന്നത്. ഇറാനിൽനിന്നു പരമാവധി എണ്ണ വാങ്ങി പൂഴ്ത്തിവച്ച് ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ലാഭം കൊയ്യുകയാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഈ അതിമോഹത്തിനു തടയിടുകയെന്ന ലക്ഷ്യവുംകൂടി മുന്നിൽക്കണ്ടാണ് അമേരിക്കയുടെ നീക്കം.
യുദ്ധം ആരംഭിച്ചശേഷം എണ്ണവില പിടിച്ചുനിർത്താൻ അമേരിക്ക ഉപരോധങ്ങൾ ഇളയ്ക്കുന്നത് ഇതു മൂന്നാം തവണയാണ്. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധമാണ് ആദ്യം പിൻവലിച്ചത്. ഇറേനിയൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കുള്ള ഉപരോധവും പിന്നാലെ പിൻവലിച്ചു. ഇളവുകളെല്ലാം താത്കാലികമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ ഇറേനിയൻ എണ്ണ പരമാവധി വാങ്ങാനാണ് ഇന്ത്യൻ എണ്ണക്കന്പനികളുടെ തീരുമാനം. വിഷയത്തിൽ അമേരിക്കയിൽനിന്നു വ്യക്തതയ്ക്കായും ഇത്തരത്തിൽ എണ്ണ വാങ്ങുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്കായും കാത്തിരിക്കുകയാണെന്നാണ് എണ്ണക്കന്പനികൾ അറിയിച്ചത്. അമേരിക്കയുടെ തീരുമാനത്തോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇന്നലെ അല്പം കുറഞ്ഞു.
വരുംദിവസങ്ങളിലും വിലക്കുറവുണ്ടാകുമെന്നാണ് നിഗമനം. ഇറാനെതിരായ യുദ്ധം ലക്ഷ്യം കണ്ടെന്നും അവരുടെ നാവിക, വ്യോമ സേനകൾ പൂർണമായും നിർവീര്യമാക്കപ്പെട്ടതായും അതിനാൽത്തന്നെ യുദ്ധം ഇനി അധികനാൾ നീണ്ടുനിൽക്കില്ലെന്നും ഡോണൾഡ് ട്രംപ് സൂചന നൽകിയതും പ്രതീക്ഷ നൽകുന്നു.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. പ്രകൃതിവാതകം (എല്‍എന്‍ജി) ഇറക്കുമതി കുറയുന്നതോടെ രാസവളം നിര്‍മാണം നിലയ്ക്കും. ഇറക്കുമതി എല്‍എന്‍ജിയുടെ മുപ്പത് ശതമാനം ഉപയോഗം രാസവളം മേഖലയിലാണ്.
വളം നിര്‍മാണത്തിനുവേണ്ട എല്‍എന്‍ജി 80 ശതമാനവും ഇറക്കുമതിയാണ്. ഇന്ത്യയിലേക്കു വേണ്ട എല്‍എന്‍ജി 65 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷം നീണ്ടുപോയാല്‍ രാസവളം നിര്‍മാണം കുറയും.
അമോണിയം, സള്‍ഫ്യൂരിക് ആസിഡ് വരവിലുള്ള തടസം കൃഷി അധിഷ്ഠിത വ്യവസത്തെ ബാധിക്കും. കാര്‍ഷിക കീടനാശിനികളുടെ വരവിലും കുറവുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സള്‍ഫര്‍ വാങ്ങിയിരുന്നത്.
പ്രതിവര്‍ഷം ഇന്ത്യ 420 മില്യന്‍ ഡോളറിന്റെ സള്‍ഫര്‍ പശ്ചിമേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും യുഎഇയില്‍ നിന്നാണ്. കരിമ്പുകൃഷിയും വ്യവസായവും നിലവില്‍ പ്രതിസന്ധിയിലാണ്.
പഞ്ചസാര മില്ലുകള്‍ കരിമ്പിന് ജ്യൂസില്‍ നിന്ന് പഞ്ചസാര ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങളിലൊന്നാണ് സള്‍ഫ്യൂരിക് ആഡിസ്. പ്രതിവര്‍ഷം 1.05 ലക്ഷം ടണ്‍ സള്‍ഫ്യൂരിക് ആസിഡ് ഇന്ത്യയില്‍ വേണ്ടിവരും.
എണ്ണവില വര്‍ധിച്ചാല്‍ പെട്രോള്‍, ഡീസല്‍വില ഉയര്‍ന്ന് ചരക്കുനീക്കത്തിന് ചെലവേറും. ഇതുവഴി എല്ലാ അവശ്യസാധനങ്ങളുടെയും വില ഉയരും. ഉള്ളി, സവോള, ഉരുളക്കിഴങ്ങ്, ബസുമതി അരി കയറ്റുമതി നിലച്ചതോടെ ഇവയുടെ വില ആഭ്യന്തര വിപണിയില്‍ ഇടിഞ്ഞു.
Business
പാരീസ്: ലോകമെമ്പാടുമുള്ള എണ്ണവിതരണ ശൃംഖല നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗതതടസവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും വിതരണശൃംഖലയിലെ തടസങ്ങൾ നീക്കുന്നതിനും സാങ്കേതികമായി വലിയ വെല്ലുവിളികളാണ് നിലവിലുള്ളത്.
ചില പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങാൻ ആറുമാസം മതിയാകുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഇതു നീണ്ടുപോയേക്കാം. വിപണിയിലെ എണ്ണയുടെ ലഭ്യത കുറയുന്നത് വരുംമാസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഇഎ മേധാവി ഡോ. ഫാത്തിക് ബിറോൾ വ്യക്തമാക്കി.
എണ്ണ ഉത്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കുറച്ചതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ ഈ സാഹചര്യം കാരണമാകുന്നു.
പ്രതിസന്ധി മറികടക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ എണ്ണവിപണിയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകലാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും വിതരണത്തിലെ സ്വാഭാവികമായ ഒഴുക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് അറ്റ് ഹോം നിർദേശങ്ങൾ ഐഇഎ മുന്നോട്ടുവച്ചിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാൽ മാത്രമേ എണ്ണവിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ. കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ കമ്പനികൾ എണ്ണനീക്കത്തിന് മടിക്കുന്നു. ഇത് വിതരണശൃംഖലയെ കൂടുതൽ ദുർബലമാക്കുന്നു.
International
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം 23-ാം ദിവസത്തേക്കു കടന്നിരിക്കെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്.
സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായി. ബാങ്കുകൾക്കുമുന്നിൽ പണത്തിനായി ജനങ്ങളുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
ഡിജിറ്റൽ ഇടപാടുകൾ പലയിടത്തും തടസപ്പെട്ടത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി നോട്ട് ഇറാൻ പുറത്തിറക്കി. പത്തു ദശലക്ഷം (ഒരു കോടി) റിയാൽ മൂല്യമുള്ള പുതിയ ബാങ്ക് നോട്ടാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചത്.
International
മോസ്കോ: ഇറാനൊപ്പം റഷ്യ ഉണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പേർഷ്യൻ പുതുവത്സരത്തോടനുബന്ധിച്ച് ഇറാനു നല്കിയ സന്ദേശത്തിലാണ് പുടിൻ ഇതു പറഞ്ഞത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനയ്ക്കും പ്രസിഡന്റ് മസൂദ് പസെഷ്കിയാനും പുടിൻ അഭിനന്ദനം അറിയിച്ചു. യുഎസ്-ഇസ്രേലി ആക്രമണം പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ആഗോള ഊർജ പ്രതിസന്ധിക്കു കാരണമായെന്നും പുടിൻ ആരോപിച്ചു.
ഇതിനിടെ ഇറാന് ഇന്റിലജൻസ് വിവരങ്ങൾ നല്‍കുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനു പകരമായി, റഷ്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ യുക്രെയ്നു നല്‍കുന്നത് അമേരിക്ക നിർത്തണമെന്നാവശ്യപ്പെട്ടു. അമേരിക്ക ഈ നിർദേശം തള്ളിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് റഷ്യ പ്രതികരിച്ചു.
International
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിനു നേരേയുണ്ടായ ഇറാന്റെ ആക്രമണം ആഗോള വാതക വിപണിയെ തകിടംമറിക്കുമെന്ന് ആശങ്ക.
ഇറാന്റെ ആക്രമണത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന മൂന്നുമുതൽ അഞ്ചുവർഷം വരെ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്കയേറുന്നത്.
ആക്രമണം മൂലം രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഖത്തർ എനർജി സിഇഒയും ഊർജകാര്യ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. റംസാൻ മാസത്തിൽ സഹോദര മുസ്ലിം രാജ്യം ഈ രീതിയിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. പിന്നാലെ ഉത്പാദനം നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽനിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ മേഖലയെ പത്തു മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായി ഖത്തർ ഊർജകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, എൽപിജി ഉപയോഗിക്കുന്ന ഇന്ത്യയിലെ റസ്റ്ററന്റുകളും വീടുകളും മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾ വരെ ഖത്തറിലെ നാശനഷ്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഖത്തറിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തിയത്.
വർക്ക് ഫ്രം ഹോം നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) രംഗത്തെത്തി. ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വർക്ക് ഫ്രം ഹോം) പരമാവധി പ്രോത്സാഹിപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിമാനയാത്രകൾ പരമാവധി ഒഴിവാക്കി ട്രെയിനുകളോ മറ്റു ഗതാഗതമാർഗങ്ങളോ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്താരാഷ്ട്രതലത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വിമാനയാത്രകൾ കുറയ്ക്കുന്നതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.
ഹൈവേകളിൽ വാഹനങ്ങളുടെ വേഗം പത്തു കിലോമീറ്ററെങ്കിലും കുറയ്ക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാനും കാർ പൂളിംഗ് പോലുള്ള രീതികൾ അവലംബിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദേശമുണ്ട്. പാചക ആവശ്യങ്ങൾക്കായി എൽപിജിക്കു പകരം വൈദ്യുതി ഉപയോഗിച്ചുള്ള മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് രീതികൾ ശീലിക്കുന്നതു വഴി സാധാരണക്കാർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കും.
ഇന്ധനശേഖരം വർധിപ്പിക്കുന്നതിനായി ഐഇഎ അംഗരാജ്യങ്ങൾ ഇതിനോടകംതന്നെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരമാണ് ഈ മാസം വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും ഉപഭോഗം കുറയ്ക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ വ്യക്തമാക്കി.
വരും മാസങ്ങളിൽ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യം ഒഴിവാക്കാൻ ഊർജ ഉപഭോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.
കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.
കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.
അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്.
എഴുതി തയാറാക്കി ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആഗോള അഹങ്കാരത്തിനെതിരേയാണു ഇറാന്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്നു യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്തു നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനയ് വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജൻഡകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ക്യാപ്റ്റൻ രാകേഷ് രഞ്ജൻ (43) ആണ് മാർച്ച് 18നു രണ്ടിനു മരിച്ചത്. സ്വകാര്യ കന്പനി കപ്പലായ എഎസ്പി ആവണ-ആർപിഎസ്എൽ-എംയുഎം-172 ൽ ഫെബ്രുവരി രണ്ടിനാണ് രഞ്ജൻ ചേർന്നത്.
പശ്ചിമേഷ്യൻ യുദ്ധം മൂലം ഫെബ്രുവരി 28 മുതൽ കപ്പൽ ഹോർമുസ് കടലിടുക്കിൽ കുടങ്ങിയിരിക്കുകയാണ്. രാകേഷ് രഞ്ജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് കുടുംബം അഭ്യർഥിച്ചു.
Leader Page
വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. അനാവശ്യ ഭീതി ഒഴിവാക്കി കാര്യങ്ങൾ പക്വമായി നേരിടുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതും അവർക്ക് ശുഭപ്രതീക്ഷ നൽകുന്നതുമായ വിവിധ പദ്ധതികൾക്കാണ് ഗൾഫ് രാജ്യങ്ങൾ രൂപം കൊടുത്തിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏതു വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്ന ഇവിടുത്തെ ഭരണാധികാരികളുടെ വാക്കുകൾ പ്രവാസികൾക്ക് വലിയ ആത്മവിശ്വാസമാണു നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ കരുതൽ ശേഖരം ഉറപ്പാക്കിയും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകിയും ഭരണകൂടം ഒപ്പമുണ്ട്.ഈ പ്രയാസങ്ങൾക്കിടയിലും അതിജീവനത്തിന്റെ പുതിയ പാതകൾ തേടുകയാണ് പ്രവാസലോകം.
വീസ കാലാവധി നീട്ടി
ഗൾഫിലെ മിക്ക രാജ്യങ്ങളിലും എല്ലാത്തരം വിസിറ്റ് എൻട്രി വീസകളുടെയും, രാജ്യങ്ങൾക്ക് പുറത്തുകഴിയുന്നവരുടെയും വീസ കാലാവധി ദീർഘിപ്പിച്ചുകഴിഞ്ഞു. മേഖലയിലെ സംഘർഷങ്ങളും അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്താണ് നടപടി. സന്ദർശനവീസയിൽ രാജ്യങ്ങളിലേക്ക് എത്തി വീസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും രാജ്യങ്ങൾക്കു പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ദീർഘിപ്പിച്ചു നൽകിയത്.
ഫെബ്രുവരി 28 മുതലാണ് കാലാവധി കണക്കാക്കുക. വീസ കാലാവധി ദീർഘിപ്പിക്കുന്നതിനായി റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിക്കുകയോ പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല. ഇലക്ട്രോണിക് സിസ്റ്റം വഴി ഈ വിപുലീകരണം സ്വയമേവ അപ്ഡേറ്റാകുമെന്ന് ആഭ്യന്തര മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ നിശ്ചിത ഫീസുകളിൽനിന്നും പിഴകളിൽനിന്നും പൂർണമായ ഇളവുകളും ലഭിക്കും.
രാജ്യങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് സൂചിപ്പിച്ച കാലയളവുകൾ നീട്ടാമെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ മന്ത്രാലയങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരാനും അഭ്യർഥിച്ചു. ഈ തീരുമാനം രാജ്യങ്ങൾക്കു വെളിയിലുള്ള പ്രവാസികൾക്കും സന്ദർശക വീസയിൽ വന്നവർക്കും ഏറെ ആശ്വാസകരമാണ്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക
ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന നിയമവിരുദ്ധമായ സംഭവങ്ങൾ ചിത്രീകരിക്കൽ, വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കൽ, പൊതുജനങ്ങളുടെ ഇടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കൽ, പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ഭയം പരത്തൽ, തീവ്രവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ വ്യക്തിഗത അക്കൗണ്ടുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടെത്തിയാൽ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ നടപടിയെടുക്കും.
ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടി തുടരുമെന്ന് വിവിധ രാജ്യങ്ങളുടെ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജോലിസ്ഥലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യങ്ങളെ ലക്ഷ്യമിടുന്ന മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുകയോ പങ്കിടുകയോ ചെയ്താൽ നടപടിയെടുക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കാത്ത ഫോട്ടോയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കാൻ അർഹതയുള്ളത് ഔദ്യോഗിക ചാനലുകൾ പുറത്തുവിടും.
ഔദ്യോഗിക സ്രോതസുകളിൽനിന്നു മാത്രം വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാത്ത വാർത്തകളും ക്ലിപ്പുകളും പങ്കിടുന്നത് ഒഴിവാക്കാനും ദേശീയ താത്പര്യത്തിനു മുൻഗണന നൽകാനും നിർദേശങ്ങൾ പൂർണമായി പാലിക്കാനും മന്ത്രാലയങ്ങൾ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചിട്ടുണ്ട്. സർക്കാരുകളുടെ ഇത്തരം നടപടികൾ പ്രവാസികളുടെ ആശങ്ക ദൂരീകരിക്കുന്നതിന് ഇടയാക്കും.
തിരികെയെത്താൻ വിമാന സർവീസ്
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കായി പ്രത്യേക സർവീസുകൾ ആരംഭിച്ചതോടെ കുടുംബസമേതം ഗൾഫ് നാടുകളിലേക്ക് മടങ്ങിയെത്തുന്നവരുടെ തിരക്കാണ് വിമാനത്താവളങ്ങളിൽ. ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഊഴത്തിനായി കാത്തിരിക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് ഇനിയുള്ള ദിവസങ്ങൾ പ്രതീക്ഷയുടേതാണ്. ഗൾഫ് രാജ്യങ്ങൾക്കുമേൽ ഇറാൻ ആക്രമണം നടത്തുമ്പോൾ ഗൾഫിൽ ലഭിക്കുന്ന അവസരങ്ങളും അതിനൊപ്പം ലഭിക്കുന്ന സുരക്ഷയും തിരികെ വരാനുള്ള പ്രേരണയാകുന്നു എന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു. ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും അനുഭവപ്പെടുന്ന ‘ഭയമില്ലാത്ത ജീവിതം’ തന്നെയാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൾഫ് നാടുകളുടെ ഏറ്റവും വലിയ ആകർഷണം. പാതിരാത്രിയിൽ പോലും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്ന, സ്ത്രീകൾക്ക് വലിയ പരിഗണനയും സുരക്ഷിതത്വവും നൽകുന്ന ഒരു സമൂഹമാണ് ഗൾഫിലേത്. മറ്റു പല പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ള സുരക്ഷാ സംവിധാനങ്ങൾ യുവതികളിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയാണ്. അനാവശ്യമായ തർക്കങ്ങളോ അതിക്രമങ്ങളോ ഇല്ലാത്ത, നിയമവാഴ്ച ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന സമാധാനം വളരെ വലുതാണ്.
ഗൾഫും പ്രവാസികളും അതിജീവിക്കും
ലോകത്തെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഗൾഫിലെ സാമ്പത്തിക മേഖല താരതമ്യേന സുസ്ഥിരമാണ്. തൊഴിൽ ലഭ്യതയും വരുമാനവും മുടങ്ങാതെ ലഭിക്കുമെന്ന വിശ്വാസം ഇവിടുത്തെ ജീവിതത്തിന് അടിത്തറയേകുന്നു. ചുരുക്കത്തിൽ, അനിശ്ചിതത്വങ്ങൾക്കിടയിലും ‘സുരക്ഷിതമായ ഒരിടം’ എന്ന യുഎഇയുടെ പ്രതിച്ഛായയാണ് പ്രവാസികളെ ഇന്നും ഇവിടെ ചേർത്തുനിർത്തുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയെയും രാജ്യങ്ങൾ മറികടക്കുമെന്ന് ഓരോ പ്രവാസിയും ഉറച്ചുവിശ്വസിക്കുന്നു.
ഒപ്പമുണ്ട്, ഭരണാധികാരികൾ
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തുന്ന ഭരണാധികാരികൾ നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. അധികാരികൾ പരസ്യമായി ഇഫ്താറിൽ പങ്കെടുത്തതും ജനങ്ങളിൽ വലിയ സുരക്ഷിതബോധമാണ് പകർന്നു നൽകുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത് ‘സോഷ്യൽ ഡിലെമ്മ’ (സമൂഹിക സമ്മർദം) പോലുള്ള ഭീതിയിൽനിന്ന് അകറ്റാൻ ജനങ്ങളെ സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനും പരീക്ഷകൾക്കും ആശങ്ക വേണ്ട
പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ അനിശ്ചിതത്വം വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക സമ്മർദം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഏതായാലും അവരുടെ മാനസികാവസ്ഥ പരിഗണിച്ചുള്ള തീരുമാനം മാത്രമേ സിബിഎസ്ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്.
(കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ നഴ്സാണ് ലേഖകൻ).
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തെ, പേൾ ഹാർബർ സംഭവത്തോടു താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക സന്ദർശിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അപ്രതീക്ഷിത പരാമർശം.
ഇറാനെ ആക്രമിക്കുന്ന കാര്യം എന്തുകൊണ്ട് സഖ്യകക്ഷികളിൽനിന്നു മറച്ചുവച്ചു എന്ന് ജാപ്പനീസ് മാധ്യമപ്രവർത്തകൻ ചോദിച്ചതിനു മറുപടി നല്‍കുകയായിരുന്നു ട്രംപ്. ഞെട്ടൽ നല്‍കുക എന്നതായിരുന്നു ലക്ഷ്യമെന്നു ട്രംപ് മറുപടി നല്കി. “ഏറ്റവും നന്നായി ഞെട്ടിച്ചിട്ടുള്ളത് ജപ്പാനാണല്ലോ? പേൾ ഹാർബറിനെക്കുറിച്ച് നിങ്ങൾതന്നെ പറഞ്ഞാലും” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
1941 ഡിസംബർ ഏഴിന് ജാപ്പനീസ് സേന അമേരിക്കയിലെ പേൾ ഹാർബർ തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി 2,390 പേരെ വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് അമേരിക്ക ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നത്. അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് യുദ്ധം ജയിച്ചു.
ട്രംപിന്റെ സമാനതകളില്ലാത്ത താരതമ്യം മാധ്യമപ്രവർത്തകർ തമാശയായി കണ്ടു ചിരിച്ചു. എന്നാൽ, ട്രംപിനൊപ്പമുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി അത്ര സന്തുഷ്ടയല്ലായിരുന്നു.
International
ടെൽ അവീവ്: യുദ്ധം ഉടൻ അവസാനിക്കാൻ സാധ്യതയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ്.
ലബനനിൽനിന്ന് ഇസ്രയേലിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഫ്രാൻസും സഖ്യകക്ഷികളും നടത്തുന്നതായി അദ്ദേഹം അറിയിച്ചു.